കിളിമാനൂർ: കനത്ത വേനലിൽ വറ്റിത്തുടങ്ങുകയും കുടിവെള്ള പദ്ധതികളെല്ലാം അവതാളത്തിലാകുകയും ചെയ്യുന്ന സാഹചര്യത്തിലും വാമനപുരം നദിയിൽനിന്ന് സ്വകാര്യ വ്യാപാര സ്ഥാപനം ജലമൂറ്റുന്നതായി പരാതി.
മുമ്പ് നാട്ടുകാർ നൽകിയ പരാതിയിൽ പഞ്ചായത്ത് സ്ഥാപനത്തിന്റെ ലൈസൻസ് നിഷേധിച്ചിരുന്നു. എന്നിട്ടും ജലചൂഷണം നിർബാധം നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
ചിറയിൻകീഴ് താലൂക്കിലെ കരവാരം പഞ്ചായത്തിൽ പട്ളയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കുടിവെള്ള കമ്പനിയാണ് നദീജലം ഊറ്റുന്നതത്രേ. പുറത്തുനിന്ന് കൊണ്ടുവരുന്ന വെള്ളമോ മഴവെള്ളമോ ഉപയോഗിച്ച് പ്രവർത്തിക്കാൻ മാത്രം അനുമതിയുള്ളതാണ് സ്ഥാപനമെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ വാമനപുരം നദിയോട് ചേർന്ന് വസ്തുവാങ്ങി വലിയ കിണർ കുഴിച്ചശേഷം അടിത്തട്ട് തുരന്ന് പൈപ്പ് വഴി നദിയിൽനിന്ന് വെള്ളമെത്തിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സംഭവം പുറംലോകം അറിയാതിരിക്കാൻ പുരയിടത്തിന് ചുറ്റും ഉയരത്തിൽ മതിലും വേലിയും നിർമിച്ചു.
നദിയിൽ നീരൊഴുക്ക് കുറഞ്ഞതോടെ രാത്രി പമ്പ് സെറ്റ് ഉപ യോഗിച്ച് സ്ഥാപനം അവരുടെ കിണറ്റിലേക്ക് വെള്ളം നിറക്കുന്നതായി നാട്ടുകാർ പറയുന്നു. പ്രശ്നങ്ങൾ രൂക്ഷമായിട്ടും ഭൂഗർഭ ജലവകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.