കിളിമാനൂർ: കൊടുവഴന്നൂർ പന്തുവിളയിൽ ഭർത്താവിെൻറ ശരീരത്തേക്ക് ആസിഡ് ഒഴിച്ചശേഷം അഞ്ച് വയസ്സുകാരനായ മകനുമായി യുവതി കിണറ്റിൽ ചാടി മരിച്ച സംഭവത്തിനു പിന്നിൽ ഭർത്താവിലുള്ള സംശയവും കുടുംബ കലഹവുമാണ് കാരണമെന്ന് നാട്ടുകാർ. കൊടുവഴന്നൂർ പന്തുവിള ചന്തമുക്ക് - എടുത്തിനാട് ഏലാക്ക് സമീപം സുബിൻ ഭവനിൽ ബിന്ദു (38), ഇളയ മകൻ ശ്യാംലാൽ എന്ന രജിൻ (അഞ്ച്) എന്നിവരാണ് മരിച്ചത്. ആസിഡ് ദേഹത്ത് വീണ രജിലാൽ (36) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10 ഒാടെയാണ് സംഭവം.
രജിലാലിെൻറയും ബിന്ദുവിെൻറയും രണ്ടാം വിവാഹമാണ്. രജിലാലിെൻറ ആദ്യ ഭാര്യ ഗർഭിണിയായിരിക്കെ, ആത്മഹത്യ ചെയ്തിരുന്നത്രെ. എട്ടു വർഷം മുമ്പാണ് ആറ്റിങ്ങൽ കോരാണി സ്വദേശിനിയായ ബിന്ദുവുമായി പരിചയത്തിലാകുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തത്.
ഇതിനിടെ ബിന്ദുവിെൻറ ആദ്യ ഭർത്താവ് പിണങ്ങിപ്പോയി. കെട്ടിട നിർമാണത്തൊഴിലാളിയായ രജിലാൽ ഇടക്ക് കോൺട്രാക്ട് പണികളുമേറ്റെടുത്ത് നടത്തിവരുകയായിരുന്നു. വീടിനടുത്ത് റബർ പാൽ എടുക്കലും ഷീറ്റടിക്കലുമടക്കമുള്ള ജോലികൾ ചെയ്തിരുന്ന ബിന്ദു കുറച്ചുകാലമായി കൊടുവഴന്നൂരിൽ ഹോട്ടൽ ജീവനക്കാരിയാണ്.
ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചിരിക്കവേ ഇരുവരും വഴക്കിടുകയും അടുക്കളയിൽ പ്ലാസ്റ്റിക് കുപ്പിയിൽ മുളകുപൊടി കലർത്തിെവച്ചിരുന്ന ആസിഡ് ഭർത്താവിെൻറ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. പൊള്ളലേറ്റ് മുറ്റത്തുകിടന്ന് പിടയ്ക്കുന്ന സമയം സമീപത്തുനിന്ന കുട്ടിയെയുമെടുത്ത് വീടിനോട് ചേർന്നുള്ള കിണറ്റിലേക്ക് ബിന്ദു ചാടി. ടിൻ ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലാണ് കുടുംബം കഴിഞ്ഞു വന്നത്. പുനർവിവാഹത്തിനുശേഷം ഇരുവർക്കും ബന്ധുക്കളുമായി അടുപ്പമില്ലത്രെ.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച വിട്ടു നൽകും. കഴിഞ്ഞ ദിവസം ബന്ധുക്കളാരും ബന്ധപ്പെട്ടിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നഗരൂർ എസ്.ഐ ഷിജുവിെൻറ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. ദർശന, മധു, നസീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.