കിളിമാനൂർ: 'ഉമ്മയുടെ അവസ്ഥ എന്തെന്നറിയില്ല, ബന്ധപ്പെടാൻ മാർഗമില്ല, സുഖമായിരിക്കുന്നെന്ന് പ്രതീക്ഷിക്കാൻ മാത്രമേ ആകുന്നുള്ളൂ...'കോവിഡ് ബാധിച്ചതിനെതുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശനം ലഭിക്കാതെ ആംബുലൻസിൽ 11 മണിക്കൂർ കറങ്ങേണ്ടിവരികയും രാത്രി വൈകി മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് സെൻററിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത 95കാരിയുടെ ആരോഗ്യനിലയെക്കുറിച്ച മകന്റെ വേവലാതികലർന്ന വാക്കുകളാണിത്.
കിളിമാനൂർ പഞ്ചായത്ത് മുളയ്ക്കലത്തുകാവ് കുഞ്ഞയംകുഴി സിയാദ് മൻസിലിൽ ഷെരീഫബീവിക്കാണ് ദുരിതം അനുഭവിക്കേണ്ടിവന്നത്. ഇതുസംബന്ധിച്ച് 'മാധ്യമം' വെള്ളിയാഴ്ച വാർത്ത നൽകിയിരുന്നു.
ബുധനാഴ്ച രാത്രി 9.30 ഓടെയാണ് ഷെരീഫബീവിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ആരുടെയെങ്കിലും ശിപാർശയുണ്ടെങ്കിലേ അഡ്മിറ്റാക്കാൻ കഴിയൂവെന്ന് ജീവനക്കാർ പറഞ്ഞതായും കരഞ്ഞപേക്ഷിച്ചതിനെ തുടർന്നാണ് പ്രവേശിപ്പിച്ചതെന്നും ഒപ്പമുണ്ടായിരുന്ന ചെറുമകൾ ഷാജിദ പറഞ്ഞു.
വൈകുന്നേരം 4.30ന് ശേഷം കോവിഡ് സെൻററിലെ രോഗികളുടെ ആരോഗ്യനില ഡോക്ടർ വിളിച്ചറിയിക്കുമെന്ന് പറഞ്ഞെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
ആദ്യം സെൻററിൽനിന്ന് വിളിച്ച നമ്പരിൽ തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും എടുത്തില്ലെന്നും മകൻ ഫസലുദ്ദീൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.