കോവിഡ് നിയന്ത്രണങ്ങൾ വഴിമാറുന്നു: മാസ്കും ഗ്യാപ്പും ഔട്ട്, 'സോപ്പിടൽ' തകൃതി

കിളിമാനൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതോടെ, ആരോഗ്യവകുപ്പി​െൻറ കർശന നിർദേശങ്ങളിലെ മാസ്കിനും സാമൂഹിക അകലത്തിനും 'ഗ്യാപ്' നൽകി പ്രാദേശിക മേഖലയിൽ സ്ഥാനാർഥികളും പ്രവർത്തകരും. പ്രചാരണത്തി​െൻറ ആദ്യ രണ്ടുഘട്ടങ്ങളിലും കോവിഡ് നിയന്ത്രണങ്ങളൊക്കെ ഏറക്കുറെ പാലിച്ചെങ്കിലും അവസാന ഘട്ടമായതോടെ എല്ലാം പമ്പകടന്ന മട്ടാണ്. അതേസമയം, സോപ്പിട്ട് കൈകഴുകണമെന്നതിലെ 'സോപ്പിടലിന്' മാത്രം കുറവില്ല താനും.

കോവിഡ് വ്യാപനഭീതി നിലനിൽക്കെ വന്നെത്തിയ തദ്ദേശതെരഞ്ഞെടുപ്പ് സുഗമമാക്കാൻ സർക്കാർ നിർദേശങ്ങളിൽ പ്രധാനമായിരുന്നു മാസ്ക് ധരിക്കലും സോപ്പിട്ട് കൈകഴുകലും. കൂടാതെ കഴിഞ്ഞമാസം സാമൂഹിക അകലം പാലിക്കാനായി 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അഞ്ചുപേർ മാത്രമേ വോട്ട് തേടി വീടുകൾ കയറാവൂവെന്നും കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഒരുസംഘം തന്നെയാണ് വീടുകൾ കയറിയിറങ്ങുന്നത്. ആദ്യഘട്ടങ്ങളിൽ മാസ്ക് ​െവച്ചിരുന്നവർപോലും ഇപ്പോൾ അത് ധരിക്കാറില്ല. കൈകഴുകലും സാനിറ്റൈസർ ഉപയോഗിക്കലുമൊക്കെ ഇപ്പോൾ വെറും വാക്കായി.

പ്രചാരണത്തി​െൻറ അവസാനഘട്ടമായതോടെ വോട്ടുറപ്പിക്കാൻ ഹസ്തദാനം നൽകലും തുടങ്ങി. പരസ്പര ഹസ്തദാനം പാടില്ലെന്നാണ് ആരോഗ്യവകുപ്പ് നിർദേശം. എന്നാൽ, വീടുവീടാന്തരം കയറിയിറങ്ങുന്ന സ്ഥാനാർഥികളിൽ പലരും ഇത് മറന്ന മട്ടാണ്. കൈകൊടുത്ത് സമ്മതിദാനം എനിക്ക് തന്നേക്കണേ എന്ന പഴയ രീതിയിലേക്ക് കാര്യങ്ങൾ മാറി. മാസ്കും സാനിറ്റൈസറുമില്ലാതെ ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ സ്ഥാനാർഥികളുടെയും സംഘത്തി​െൻറയും വരവ് തുടങ്ങിയതോടെ പലരും വീട്ടുമുറ്റത്ത് കൈകഴുകൽ സംവിധാനവും സാനിറ്റൈസറും സ്ഥാപിച്ചുകഴിഞ്ഞു. തങ്ങളുടെ പുഞ്ചിരി ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ വോട്ട് പോയാലോയെന്ന് കരുതി മാസ്ക് കഴുത്തിലിട്ട് പകലന്തിയോളം കറങ്ങുന്ന സ്ഥാനാർഥികളും കുറവല്ല. ഏതായാലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പി​െൻറ വിലയിരുത്തൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.