കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചിറ്റാറും പ്രാദേശിക കൈതോടുകളും മാലിന്യവാഹിനികളായി മാറി. ഇതോടൊപ്പം പഞ്ചായത്തിന്‍റെയും വില്ലേജിന്‍റെയും കാര്യക്ഷമമായ ശ്രദ്ധ പതിയാത്തതോടെ തോട് കൈയേറ്റവും വ്യാപകമായതായി ആക്ഷേപം.
പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സാണ് ചിറ്റാർ. നിരവധി കുടിവെള്ള പദ്ധതികളും കാർഷിക ജലസേചന പദ്ധതികളും ഈ നദിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, നദിയോരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്.
കിളിമാനൂർ കവലയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ചിറ്റാറിലും ചെറുതോടുകളിലുമാണ് നിക്ഷേപിക്കുന്നത്. ടൗണിനോട് ചേർന്ന് ഒഴുകുന്ന മഹാദേവേശ്വരം തോട് നിലവിൽ മാലിന്യ നിക്ഷേപകേന്ദ്രമാണ്.
തോടിൽ കാട്ടുചെടികൾ വളർന്നതോടെ പൗൾട്രി ഫോമുകളിലെയും മറ്റും ഇറച്ചി മാലിന്യവും ഇവിടങ്ങളിലാണ് നിക്ഷേപിക്കുന്നത്. പലയിടത്തും നദി നീരൊഴുക്ക് നിലച്ച നിലയിലാണ്.
പഞ്ചായത്തിലെ വല്ലൂർ -പാപ്പാല -കിളിമാനൂർ തോട്, കുറവൻകുഴി- പാപ്പാല -ചിറ്റാർതോട്, മുതുകുറിഞ്ഞി -വടക്കുംപുറം -വയ്യാറ്റിൻകര-ആറ്റൂർ -വണ്ടന്നൂർ തോട്, ചായക്കാർ പച്ച - മണലയത്തുപച്ച തോട്, അടയമൺ- വയ്യാറ്റിൻകര -വണ്ടന്നൂർ തോട്, കുന്നുമ്മൽ -എള്ളുവിള- കീഴ്മണ്ണടി തോട് അടക്കമുള്ളവയും കാടുകയറിയും മാലിന്യം നിറഞ്ഞും ദുർഗന്ധപൂരിതമാണ്.
ഇവയെ സംരക്ഷിക്കാനോ ശുചീകരിക്കാനോ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. കച്ചവട സ്ഥാപനങ്ങളിലെ മാലിന്യം നാട്ടിലാണ് നിക്ഷേപിക്കുന്നത്.
കാടുകയറിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മദ്യപസംഘങ്ങൾ സംഘടിക്കുന്നതായും മദ്യകുപ്പികളും പ്ലാസ്റ്റിക് മാലിന്യവും തോട്ടിലേക്ക് വലിച്ചെറിയുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനം ജലസ്രോതസ്സുകളുടെസംരക്ഷണത്തിനുകൂടി വിനിയോഗിക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.