കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിന് കീഴിൽ ബസ് സ്റ്റാൻഡ് പരിസരത്തുള്ള വാഹന പാർക്കിങ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്തിറങ്ങാനും തുടർന്ന് വണ്ടി എടുക്കാനും 'വള്ളം' കരുതേണ്ട അവസ്ഥ. പാർക്കിങ് ഏരിയയിലേക്കുള്ള ഭാഗത്തെ വെള്ളക്കെട്ട് നിരവധിതവണ അധികൃതരെ ധരിപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. കിളിമാനൂർ-പുതിയകാവ് റോഡിന് സമീപം നെൽപ്പാടം നികത്തിയാണ് വർഷങ്ങൾക്കുമുമ്പ് പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിച്ചത്. ബാക്കി ഭാഗത്ത് സ്ഥാപിച്ച ശുചിമുറികളും കുട്ടികളുടെ പാർക്കും ഇപ്പോൾ പ്രവർത്തനരഹിതമാണ്.
ബസ് സ്റ്റാൻഡിന് കിഴക്കുഭാഗത്ത് അവശേഷിക്കുന്നിടത്ത് ബഹുനിലമന്ദിരം നിർമിക്കുമെന്നാണ് കാലങ്ങളായി ഭരണത്തിലുള്ള സി.പി.എം ഭരണസമിതി പറയുന്നത്. ഈ ഭാഗം പൊതുജനങ്ങൾക്ക് വാഹന പാർക്കിങ്ങിനായി ടെൻഡർ ചെയ്ത് സ്വകാര്യവ്യക്തിക്ക് നൽകി. ഓരോ വാഹനങ്ങൾക്കും തരാതരം പോലെയാണ് ഫീസ്. പാർക്കിങ് സമയം ഏറിയാൽ അമിത ഫീസും നൽകണം, കൂടാതെ ജീവനക്കാരന്റെ അസഭ്യവർഷവും. ബസ് സ്റ്റാൻഡ് പരിസരം വെള്ളക്കെട്ടും തൊളിക്കണ്ടവുമാണിപ്പോൾ. വൃത്തിയാക്കാൻ കരാറുകാരൻ തയാറല്ല. ചോദ്യം ചെയ്തവർക്ക് ജീവനക്കാരിൽ നിന്ന് 'പൂരപ്പാട്ടാണത്രേ' കേൾക്കേണ്ടി വന്നത്.
അതേസമയം, ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കണമെന്ന വ്യവസ്ഥ കരാറിലുള്ളതായും അടിയന്തരമായി ഇടപെടുമെന്നും പഞ്ചായത്ത് സെക്രട്ടറി 'മാധ്യമ' ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.