കിളിമാനൂർ: കോൺഗ്രസ് മണ്ഡലം പ്രസിഡൻറിന് പിന്നാലെ പഞ്ചായത്ത് പ്രസിഡൻറിനെയും മാറ്റി നിശ്ചയിക്കാനുള്ള ജില്ല നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിരോധവുമായി പ്രവർത്തകർ. ജില്ലനേതൃത്വത്തിനെതിരെ ശക്തമായ ഭാഷയിൽ എഴുതിയ പോസ്റ്ററുകളാണ് കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടത്.
പതിറ്റാണ്ടുകൾക്ക് ശേഷം കോൺഗ്രസ് അധികാരത്തിലെത്തിയ കിളിമാനൂർ പഞ്ചായത്തിലാണ് ജില്ലനേതൃത്വം ഇടപെട്ട് പ്രസിഡൻറിനെ മാറ്റാൻ അണിയറ ശ്രമം നടത്തുന്നത്. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്നും പുതിയ പ്രസിഡൻറായി നേതൃത്വം കണ്ടെത്തിയ ആളെ അംഗീകരിക്കില്ലെന്നും പാർട്ടി പ്രവർത്തകരും പഞ്ചായത്തംഗങ്ങളിൽ ഏറെയും പറയുന്നു. 2000 ത്തിലാണ് അവസാനമായി കോൺഗ്രസ് പഞ്ചായത്തിൽ അധികാരത്തിൽ വന്നത്.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ പത്തും കോൺഗ്രസ് നേടിയിരുന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രസിഡൻറുമാരുടെ അക്ഷീണശ്രമഫലമായാണ് ഇടതുകോട്ടയിൽ കോൺഗ്രസ് ജയിച്ചത്. ഇതിൽ ജില്ല-സംസ്ഥാന നേതൃത്വത്തിന്റെ അഭിനന്ദനങ്ങൾ ഇരുവർക്കും ലഭിച്ചിരുന്നു.
എന്നാൽ ഏറെ കഴിയുംമുമ്പ് പ്രവർത്തകരോട് ആലോചിക്കാതെ മണ്ഡലം പ്രസിഡൻറ് അനൂപ് തോട്ടത്തിലിനെ ജില്ലനേതൃത്വം മാറ്റി പുതിയ ആളിനെ നിയമിച്ചു. ഇതിനെത്തുടർന്ന് പ്രവർത്തകർ പാർട്ടിയുമായി അകന്നു.
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അടൂർ പ്രകാശ് പഞ്ചായത്തിൽ വോട്ടുശതമാനത്തിൽ ഏറെ പിന്നിൽപ്പോയിരുന്നു. ഇതിനിടയിലാണ് പുതിയ നടപടിയുമായി നേതൃത്വം രംഗത്തെത്തിയത്. പുതിയതായി പണികഴിപ്പിച്ച പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം വരുംദിവസം നടക്കാനിരിക്കെയാണ് പുതിയ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.