കിളിമാനൂർ: കിളിമാനൂർ പുളിമാത്ത് ജനവാസമേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. പൊലീസ് അറിയിച്ചതോടെ സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ തെരച്ചിൽ നടത്തിയെങ്കിലും അജ്ഞാതജീവിയെ കണ്ടെത്താനായില്ല. മേഖലയിൽ കാമറ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പുളിമാത്ത് പഞ്ചായത്തിലെ പറയ്ക്കോട്ട് കോളനിയിൽ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കോളനി നിവാസികളിൽ ചിലർ പുലിയെ കണ്ടത്. പറയ്ക്കോട് കോളനിയിൽ വിഷ്ണുഭവനിൽ ഗിരിജ, സഹോദരി മഞ്ചു, അയൽവാസി ലീല എന്നിവരാണ് പുലിയെ കണ്ടത്.
പറയക്കോട് കോളനിയുടെ പരിസരം റബർതോട്ടവും സമീപമുള്ള ചിറ്റാറിന് ചുറ്റും പൊന്തക്കാടുമുണ്ട്. പ്രദേശത്ത് പകൽസമയത്തുപോലും പന്നിശല്യം രൂക്ഷമാണ്. പന്നികളെ ഓടിക്കാനായി തെരുവുനായ്ക്കളും പ്രദേശത്ത് സ്ഥിരമായി എത്താറുണ്ട്.
രാത്രി വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കെ പുറത്ത് എന്തോ ശബ്ദം കേട്ടതിനെതുടർന്ന് സഹോദരി മഞ്ചുവിനെയും അയൽവാസി ലീലയെയും വിളിച്ചു.
തുടർന്ന് ഇവർ ലൈറ്റുമായി വീടിന് സമീപത്ത് പരിശോധന നടത്തവെ ടോർച്ച് വെട്ടത്തിൽ പുലിയോട് സാമ്യമുള്ള ജീവിയെകണ്ടു. വെളിച്ചം കണ്ണിൽ പതിച്ചതോടെ അൽപസമയം അനങ്ങാതെനിന്നശേഷം ജീവി തൊട്ടടുത്ത ഉയർന്ന അതിരിലേക്ക് കയറിമറഞ്ഞതായി ഗിരിജ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധനയിൽ മണലിൽ പതിഞ്ഞ കാൽപാടുകൾ കണ്ടെത്തിയെങ്കിലും ഏത് ജീവിയുടെതാണെന്ന് പറയാൻതക്ക തെളിച്ചം കാൽപ്പാടുകൾക്കിെല്ലന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജീവി ഏതെന്ന് തിരിച്ചറിയുന്നതുവരെ രാത്രികാല സഞ്ചാരം ഒഴിവാക്കണമെന്നും പുലർച്ചയുള്ള റബർ ടാപ്പിങ് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.