കിളിമാനൂർ: നാടൊട്ടുക്ക് വിവിധ പകർച്ചപ്പനി പടരുമ്പോൾ സർക്കാർതലത്തിൽ ‘കൊതുക് വളർത്തൽ’ കേന്ദ്രമൊരുക്കുകയാണ് കിളിമാനൂർ പഞ്ചായത്ത് ഭരണസമിതി.പഞ്ചായത്തിനായി നിർമിച്ച പുതിയ മന്ദിരത്തിന്റെ താഴത്തെ നിലയിൽ മാസങ്ങളായി വെള്ളംകെട്ടിനിൽക്കുകയാണ്. ഇതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന അവസ്ഥയാണ്.
ഇതിന് ശാശ്വതപരിഹാരം കാണാൻ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചായത്ത് അധികൃതർക്കാകുന്നില്ല. പഞ്ചായത്ത് ഓഫിസിന് മൂക്കിന് താഴെ മാസങ്ങളായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
2018-19ൽ ബി. സത്യൻ എം.എൽ.എയുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച പുതിയ പഞ്ചായത്ത് മന്ദിരം ഇനിയും ഉദ്ഘാടനം ചെയ്തിട്ടില്ല. ഇവിടെയാണ് വെള്ളക്കെട്ട് രൂക്ഷം. നിലവിലെ കെട്ടിടം പൊളിച്ച് 10 അടിയോളം കുഴിച്ച് മണ്ണ് മാറ്റിയശേഷമാണ് നിർമാണം തുടങ്ങിയത്. ഫില്ലറുകൾ കെട്ടി നിർമാണം തുടങ്ങി. താഴത്തെ നിലിയിൽ വാഹന പാർക്കിങ്ങിനായാണ് തീരുമാനിച്ചത്. എന്നാൽ, മഴക്കാലം തുടങ്ങുമ്പോഴേക്കും ഇവിടെ വെള്ളക്കെട്ട് ആരംഭിക്കും.
കഴിഞ്ഞ ഭരണസമിതിയുടെ ദീർഘവീക്ഷണമില്ലാതെയുള്ള നിർമാണപ്രവർത്തനമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബന്ധപ്പെട്ടവർ പറയുമ്പോഴും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുന്നില്ല.
മഴക്കാല പകർച്ചവ്യാധിക്കെതിരെ ജാഗ്രത പാലിക്കാൻ വിവിധ മേഖലകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബാനറുകളും ബോർഡുകളും സ്ഥാപിച്ചിട്ടുമുണ്ട്. ബാനറുകളിലെ ജാഗ്രതാ നിർദേശങ്ങളിൽ പ്രധാനമായി ‘കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക’ എന്ന നിർദേശമാണുള്ളത്. എന്നാൽ, അതേ നിർദേശമാണ് ഭരണസമിതി ലംഘിക്കുന്നത്. ഇതോടെ മലക്കാലപൂർവ ശുചീകരണം പാഴ്വാക്കായി മാറി.മേഖലയിൽ ഡെങ്കി, എലിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സയിലുള്ളവർ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.