കിളിമാനൂർ: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കത്തിയുണ്ടായ അപകടത്തിൽ വീട്ടമ്മക്ക് ഗുരുതര പരി ക്കേറ്റു. നഗരൂർ കടവിള പുല്ലുതോട്ടം നാണി നിവാസിൽ ഗിരിജ സത്യ (59) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 കഴിഞ്ഞായിരുന്നു സംഭവം. ഈസമയം വീട്ടിൽ ഗിരിജ സത്യൻ മാത്രമാണ് ഉണ്ടായിരുന്നത്.
വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന ഗിരിജ ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെതുടർന്ന് പുറകുവശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉഗ്ര ശബ്ദ ത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽ വാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഗിരിജയെ കണ്ടെത്തുകകായിരുന്നു.
ഡബിൾ ഡോർ ഫ്രിഡ്ജ് പൂർണമായും പൊട്ടിത്തകർന്ന് കത്തി. ഉടൻ ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിൽ അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ മനോഹരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയുമായിരുന്നു.
പരിക്കേറ്റ ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവർക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ ഉണ്ടാകുകയോ, ഗ്യാസ് ലീക്കാവുകയോ ചെയ്തില്ലെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഫ്രിഡ്ജിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.