കിളിമാനൂർ: ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിൽ കാരേറ്റ് ജങ്ഷനിൽ പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സ്ഥലംമാറ്റം കിട്ടിയ മാനേജർ താക്കോൽ പുതിയ മാനേജർക്ക് കൈമാറാതെ പൂട്ടി സ്ഥലംവിട്ടു. സാധനങ്ങൾ വാങ്ങാനാകാതെ ഉപഭോക്താക്കൾ വലഞ്ഞു.
തിങ്കളാഴ്ച രാവിലെ നാട്ടുകാർ സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിലെത്തിയപ്പോഴാണ് പൊരിവെയിലിൽ നിൽക്കേണ്ട സാഹചര്യമുണ്ടായത്. നേരത്തേയുണ്ടായിരുന്ന മാനേജരെ സൂപ്പർ മാർക്കറ്റിൽ ക്രമക്കേട് നടത്തി, വനിത ജീവനക്കാരോട് മോശമായി പെരുമാറി തുടങ്ങിയ പരാതിയെതുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് കോഴിക്കോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
പകരമെത്തിയ മാനേജർക്ക് ചാർജ് കൈമാറാനോ താക്കോൽ കൈമാറാനോ കൂട്ടാക്കാതെ ഇദ്ദേഹം മുങ്ങിയെന്നാണ് പരാതി. പ്രതിഷേധം കനത്തതോടെ ഉന്നത ജീവനക്കാർ സ്ഥലത്തെത്തി പൂട്ട് പൊളിച്ച് സൂപ്പർ മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ ഉച്ചയോടെ മാനേജർ താക്കോൽ കൊടുത്തയച്ചതിനെ തുടർന്ന് സൂപ്പർ മാർക്കറ്റ് തുറന്നു.
സൂപ്പർ മാർക്കറ്റിൽ ക്രമക്കേട് നടന്നെന്ന പരാതിയെതുടർന്ന് കഴിഞ്ഞ 21ന് വിജിലൻസ് നടത്തിയ പരിശോധനയിൽ പഞ്ചസാര, ജീരകം, ഉഴുന്ന് തുടങ്ങിയ സാധനങ്ങൾ കൂടിയ അളവിൽ ഇവിടെനിന്ന് മറിച്ചുവിറ്റതായി കണ്ടെത്തി. തുടർന്നാണ് ഇയാളെ സ്ഥലം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.