കിളിമാനൂർ (തിരുവനന്തപുരം): സംസ്ഥാനപാതയിൽ കാരേറ്റിന് സമീപം വാമനപുരം നദിക്ക് കുറുകേയുള്ള വാമനപുരം പഴയപാലം സംരക്ഷിത സ്മാരകമാക്കുന്നു. ഇതോടെ, സഫലമാകുന്നത്, തദ്ദേശവാസികളുടെയും പഴമക്കാരുടെയും പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ്.
രാജഭരണകാലത്ത് വാമനപുരം നദിക്ക് കുറുകെ 1936 ൽ ബ്രിട്ടിഷുകാർ അന്നത്തെ സാങ്കേതികവിദ്യയിൽ നിർമിച്ചതാണ് വാമനപുരം പഴയപാലം. കരിങ്കല്ലിൽ സുർക്കി ഉപയോഗിച്ചാണ് പാലത്തിെൻറ തൂണുകൾ പടുത്തുയർത്തിയത്. പാലം ഇരുമ്പ്-ഉരുക്ക് പാളങ്ങൾ നിരത്തിയാണ് നിർമിച്ചത്. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ കാലത്ത് നിർമിച്ച പാലങ്ങൾ പോലും പലതും കാൽനൂറ്റാണ്ടിനകം പൊളിഞ്ഞുപോകുമ്പോൾ, എട്ടരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
സംസ്ഥാനപാതയിൽ വാഹനത്തിരക്കേറുകയും റോഡിന് ആനുപാതികമായി പാലത്തിന് വീതി കൂട്ടാൻ കഴിയാതെ വന്നപ്പോഴാണ് ഇവിടെ പുതിയ പാലം നിർമിച്ചത്. തുടർന്ന് കാടുകയറി പഴയപാലം നാശോന്മുഖമായി. ഇതു സംബന്ധിച്ച് മാധ്യമങ്ങൾ നിരന്തരം ഇടപെടലുകൾ നടത്തി. പാലം സംരക്ഷിത സ്മാരകമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തി.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് പൊതുമരാമത്ത് വകുപ്പിനോട് പഴയപാലം പുനരുദ്ധരിച്ചെടുക്കാൻ അഭ്യർഥിച്ചിരുന്നെങ്കിലും നടന്നില്ലെന്നും തുടർന്ന് കെ. എസ്.ടി.പി വർക്കുകളുടെ റിവ്യൂ നടക്കുന്നവേളയിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളും ചിത്രങ്ങളുമടക്കം ഇത് സംരക്ഷിത സ്മാരകമാക്കണം എന്നാവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന് നിവേദനം നൽകിയതായും ബി. സത്യൻ എം. എൽ.എ അറിയിച്ചു.
ഇതിനെതുടർന്ന് ആദ്യഘട്ടമെന്ന നിലക്ക് പാലം പെയിൻറ് ചെയ്ത് സംരക്ഷിക്കാൻ ആറുലക്ഷം രൂപക്ക് അനുമതി നൽകി. പാലത്തിലെ സ്റ്റീൽ സംരക്ഷണഭിത്തി സിൽവർ കളർ പെയിൻറ് ചെയ്ത് മിനുക്കും. പഴയ സാങ്കേതികവിദ്യയിലുള്ള പാലത്തിെൻറ നിർമാണ വൈദഗ്ധ്യം പുതുതലമുറക്ക് പാഠ്യവിഷയമാക്കാനാവും. മന്ത്രി ജി. സുധാകരൻ പാലം നേരിട്ടുകാണാൻ ആഗ്രഹം പ്രകടിപ്പിച്ചതായും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.