കിളിമാനൂർ: എ.ഐ കാമറകളടക്കം സ്ഥാപിച്ച് ഹെൽമറ്റ് വേട്ടയും മറ്റും പിടികൂടുന്ന പൊലീസ്, ടിപ്പർ ലോറികളുടെ നിയമലംഘനങ്ങൾക്കെതിരെ കണ്ണടക്കുന്നു. സ്കൂൾ സമയങ്ങളിൽ നിയമങ്ങളെ കാറ്റിൽപറത്തി തലങ്ങും വിലങ്ങും പായുന്ന ടിപ്പറുകൾക്കെതിരെ നടപടിയെടുക്കാത്തതിൽ ജനരോഷം ശക്തമാണ്. വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ ഭീതിയിലാണ്.
സംസ്ഥാനപാതയിലും കിളിമാനൂർ-പോങ്ങനാട്-പള്ളിക്കൽ റോഡിലും നിത്യേന നൂറുകണക്കിന് ടിപ്പറുകളാണ് പായുന്നത്. അമിതവേഗത്തിലാണ് സഞ്ചാരം. നിരവധി ജീവനുകളാണ് അപകടത്തിൽപെടുന്നത്.
റോഡിലെ ടിപ്പർ കൊലപാതകങ്ങളിലെ ഒടുവിലത്തെ ഇരയാണ് കഴിഞ്ഞദിവസം വെഞ്ഞാറമൂടിന് സമീപമുണ്ടായ അപകടത്തിൽ മരിച്ച പോങ്ങനാട് സ്വദേശി ഉഷ. തിരുവനന്തപുരത്ത് ആശുപത്രിയിലേക്ക് പോയ ദമ്പതിമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ ടിപ്പർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അഞ്ച് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള കിളിമാനൂർ-പോങ്ങനാട് റോഡിൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആർ.ആർ.വി ബോയ്സ്, ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുകൾ, ഗവ.എൽ.പി.എസ്, രാജാ രവിവർമ സെൻട്രൽ സ്കൂൾ, പോങ്ങനാട് ഗവ. ഹൈസ്കൂൾ എന്നിവയും പത്തോളം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികളിലേറെയും കാൽനടയായാണ് എത്തുന്നത്.
രാവിലെ ഏഴുമുതൽ 9.30 വരെയും വൈകീട്ട് 3.30 മുതൽ നാല് വരെയും റോഡ് നിറഞ്ഞാണ് കുട്ടികൾ യാത്രചെയ്യുന്നത്. ഈ സമയത്ത് പോലും മറ്റ് വാഹനങ്ങളെ മറികടന്ന് അമിത വേഗത്തിൽ ടിപ്പറുകൾ ചീറിപ്പായുന്നുണ്ട്.
സ്കൂൾ സമയങ്ങളിൽ അമിത ലോഡുമായി വരുന്ന വാഹനങ്ങൾക്കും ടിപ്പറുകൾക്കും വ്യക്തമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. എന്നാൽ, അവ പാലിക്കാൻ ഇത്തരം വാഹന ഡ്രൈവർമാർ തയാറല്ല. നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാൻ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തയാറാകുന്നില്ല. അപകടങ്ങളുണ്ടാകുമ്പോൾ മാത്രം ബോധവാന്മാരാകുന്ന ഉദ്യോഗസ്ഥർ ദിവസങ്ങൾക്കകം പിൻവാങ്ങുന്നു.
സ്കൂൾ സമയങ്ങളിലെ ടിപ്പറുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.