കിളിമാനൂർ: ബേപ്പൂർ സുൽത്താനെയും അദ്ദേഹം ജന്മംകൊടുത്ത കഥാപാത്രങ്ങളെയും കാലാനുസൃതമായി പുനഃസൃഷ്ടിച്ച് കിളിമാനൂർ ഗവ. എൽ.പി.എസ് ഇക്കുറിയും സ്മരണാഞ്ജലിയൊരുക്കി. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാത്തതിനാൽ അധ്യാപകർ അവരുടെ വീട്ടിലെത്തിയാണ് പ്രവർത്തനങ്ങൾ ഒരുക്കിയത്.
ബഷീറിെൻറ 'ൻറുപ്പൂപ്പാക്കൊരാനേണ്ടാർന്ന്' എന്ന കഥയിലെ കഥാപാത്രങ്ങൾ പുതിയ കാലത്തോട് സംവദിക്കുന്നതാണ് 'വെളിച്ചത്തിന് എന്തൊരു വെളിച്ചം' എന്ന ലഘു ദൃശ്യാവിഷ്കാരത്തിലെ പ്രമേയം. മന്ത്രവാദത്തിെൻറ ഇരുട്ടിൽ അകപ്പെട്ട നിഷ്കളങ്കയായ കുഞ്ഞുപാത്തുമ്മയെ രഹസ്യമായി അക്ഷരം പഠിപ്പിക്കുന്ന ആയിഷ.
ഇരുട്ടുമുറിയിൽനിന്ന് മോചിതയായി പുറത്തുവരുന്ന കുഞ്ഞുപാത്തുമ്മ കാണുന്നത് മാസ്ക് ധരിച്ചെത്തിയ ബഷീറിനെയും കഥാപാത്രങ്ങളെയും. വിദ്യാഭ്യാസത്തിലൂടെ യാഥാസ്ഥിതിക ചിന്താഗതികളെ മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കുഞ്ഞിപാത്തുമ്മ പുതിയതലമുറയിലെ പെൺകുട്ടികളോടായി പറയുന്നു -'വെളിച്ചത്തിന് എന്തൊരു വെളിച്ചം'.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ തയാറാക്കിയ ലഘുദൃശ്യാവിഷ്കാരം സ്കൂളിെൻറ യൂട്യൂബ് ചാനൽ വഴിയാണ് പൊതുസമൂഹത്തിലെത്തിക്കാൻ ശ്രമിക്കുന്നത്. സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ വീടുകളിൽ ബഷീർ കഥാപാത്രങ്ങളായി മാറി അനുസ്മരണത്തിൽ പങ്കാളികളായി.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ഉദ്ഘാടനവും ദൃശ്യാവിഷ്കാര പ്രകാശനവും സാഹിത്യകാരൻ കെ.വി. മോഹൻകുമാർ ഓൺലൈനായി നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന കോഓഡിനേറ്റർ ടി.കെ. അബ്ദുല്ല ഷാഫി, വിദ്യാരംഗം മുൻ എഡിറ്റർ കെ.സി. അലി ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.