കിളിമാനൂർ: ജലാശയങ്ങളും തണ്ണീർത്തടങ്ങളും കുളങ്ങളും സംരക്ഷിക്കുന്നതിൽ ത്രിതല പഞ്ചായത്ത് സംവിധാനം പരാജയപ്പെട്ടതോടെ ഗ്രാമീണമേഖലയിൽ ജലക്ഷാമം രൂക്ഷമായി. കിണറുകളും കുളങ്ങളും ബഹുഭൂരിപക്ഷവും വറ്റിത്തുടങ്ങി. പൈപ്പ് ലൈനിലൂടെ വല്ലപ്പോഴും മാത്രം ലഭിക്കുന്ന വെള്ളം കുടിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് പഞ്ചായത്തുകളിലും മാർച്ച് ആദ്യവാരം തന്നെ കുടിവെള്ള ക്ഷാമം ആരംഭിച്ചു. ഇത്തവണ വേനൽച്ചൂട് നേരത്തെ ആരംഭിച്ചതാണ് ജലക്ഷാമത്തിന് കാരണം. സാധാരണക്കാരും കൂലിവേലക്കാരും കൂടുതലായി തിങ്ങിപ്പാർക്കുന്ന മേഖലയിൽ കുടിവെള്ളത്തിനായി കൂടുതൽപേരും ആശ്രയിക്കുന്നത് കിണറുകളെയാണ്. കഴിഞ്ഞ വേനൽക്കാലങ്ങളിൽ പലരും കുഴൽ ക്കിണറുകൾ നിർമിച്ചു. ഇത് സാധാരണ കിണറുകൾ പെട്ടെന്ന് വറ്റാൻ കാരണമായി.
വാമനപുരം നദി, പള്ളിക്കൽ പുഴ, കിളിമാനൂരിലെ ചിറ്റാർ എന്നിവയെ ആശ്രയിച്ചാണ് ബ്ലോക്കിന് കീഴിലെ ചെറുതും വലുതുമായ എല്ലാ കുടിവെള്ള പദ്ധതികളും പ്രവർത്തിക്കുന്നത്.
യഥാസമയം തടയണകൾ നിർമിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതോടെ വാമനപുരം നദിയിലെ നീരൊഴുക്ക് ഏറെക്കുറെ നിലച്ചു. ഒരു ഡസനിലേറെ കുടിവെള്ള പദ്ധതിയാണ് ഈ നദിയെ മാത്രം അത്രയിച്ച് നിർമിച്ചിരിക്കുന്നത്. കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ പള്ളിക്കൽ പുഴയുടെ ചെറിയൊരു ശതമാനം ജലം മാത്രമാണ് ഈ പ്രദേശത്തുള്ളവർക്ക് ലഭിക്കുന്നത്. പഴയകുന്നുമ്മൽ, കിളിമാനൂർ, പുളിമാത്ത്, നഗരൂർ പഞ്ചായകളിലൂടെ ചുറ്റിയൊഴുകുന്ന ചിറ്റാറിൽ ഒരുമാസം മുന്നേ നീരൊഴുക്ക് നിലച്ചു.
200 കോടിയുടെ ബ്രഹത് പദ്ധതിയായി ബ്ലോക്ക് പഞ്ചായത്ത് കൊട്ടിഘോഷിച്ച് ആരംഭിച്ച പുഴനടത്തം ഉദ്ഘാടന ഫോട്ടോകളിൽ ഒതുങ്ങി. കിളിമാനൂർ, മടവൂർ, നഗരൂർ പഞ്ചായത്തുകളിലെ നിരവധി വാർഡുകളിലൂടെ കടന്നുപോകുന്ന കീഴ്പേരൂർ-നഗരൂർ തോട് വറ്റിവരണ്ടു. ഈ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്.
അടുത്തിടെ ടാറിങ് പൂർത്തിയാക്കിയ റോഡുകൾ പോലും വെട്ടിപ്പൊളിച്ച് ജലജീവൻ മിഷൻ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിച്ചെങ്കിലും പലയിടത്തും വെള്ളമെത്തിയില്ല. ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽ കനക്കുന്നതോടെ നാട്ടുമ്പുറങ്ങളിലെ കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.