കിളിമാനൂർ: നഗരൂരിൽ യൂത്ത് കോൺഗ്രസ്-കെ.എസ്.യു-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഏേഴാടെ നഗരൂർ ആലിന്റെമൂട്ടിലായിരുന്നു ആക്രമണം. ഡി.വൈ.എഫ്.ഐ മുൻ മേഖല പ്രസിഡൻറും സി.പി.എം ബ്രാഞ്ച് അംഗവുമായ അഫ്സൽ (29), ഡി.വൈ.എഫ്.ഐ പ്രവർത്തകരായ തേജസ് (24), അൽത്താഫ് (25), അൽ അമീൻ (24), മുഹമ്മദ് (26), അഫ്സൽ (23), അഫ്സൽ (25), ആഷിഖ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തലക്ക് വെട്ടേറ്റ അഫ്സലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലംകോട് പി.എച്ച്.എസ്.എസിന് സമീപം നിയാസ് മൻസിലിൽ നസീബ് ഷാ(26), ആലംകോട് അൻവർ മൻസിലിൽ മുഹമ്മദ് സാഹിൽ (23), വർക്കല മേൽവെട്ടൂർ അയന്തി റെയിൽവേപാലത്തിന് സമീപം അബ്ദുല്ല (21), പോത്തൻകോട് അണ്ടൂർക്കോണം വില്ലേജ് ഓഫിസിനുസമീപം നബീൽ മൻസിലിൽ മുഹമ്മദ് നബീൽ (20), ആലംകോട് മേവർക്കൽ തൈക്കാവിന് സമീപം മുഹമ്മദ് ബാത്തിഷ (18), വെഞ്ഞാറമൂട് നെല്ലനാട് കണ്ണംകോട് ദേവീക്ഷേത്രത്തിന് സമീപം ലാൽഭവനിൽ വിഷ്ണുലാൽ, മേവർക്കൽ തെങ്ങുവിളവീട്ടിൽ അയാസ് മുഹമ്മദ്(18), ആലംകോട് കാവുനട സെയ്ദലി മൻസിലിൽ മുഹമ്മദ് സെയ്ദ് അലി (19) എന്നിവരാണ് അറസ്റ്റിലായത്.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻറ് സുഹൈൽ ബിൻ അൻവർ, ഇയാളുടെ സഹോദരനും കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റുമായ സഹിൽ ബിൻ അൻവർ എന്നിവരുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ആക്രമണം നടത്തിയതത്രെ.
ബൈക്കുകളിലും കാറിലും പോർവിളികളുമായി എത്തിയ സംഘം പ്രദേശത്ത് മുളകുപൊടി വിതറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കരിങ്കല്ല്, വടിവാൾ, ഇരുമ്പ് ദണ്ഡ് എന്നിവയുമായി ആക്രമണം നടത്തുകയായിരുന്നത്രേ. കഴിഞ്ഞദിവസം വിവിധയിടങ്ങളിൽ െവച്ച് ഡി.വൈ.എഫ്.ഐ-കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഇതിനുശേഷം കെ.എസ്.യു-യൂത്ത് കോൺഗ്രസ് സംഘം ഗണപതിയാംകോണം ഭാഗത്തേക്ക് രക്ഷപ്പെട്ടു. പരിക്കറ്റവർ സമീപത്ത് ഉള്ള നഗരൂർ സ്റ്റേഷനിലെത്തി പരാതി നൽകി പൊലീസുമായി തിരിച്ചെത്തിയപ്പോൾ ആക്രമിസംഘം സംഘടിച്ച് വീണ്ടുമെത്തി കരിങ്കൽചീളുകൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. കിളിമാനൂർ, ആറ്റിങ്ങൽ, വെഞ്ഞാറമൂട് സ്റ്റേഷനുകളിൽനിന്ന് എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.