ബൈക്കുകൾ കൂട്ടിയിടിക്കുന്നു ദൃശ്യം

ബൈക്ക് റേസിങ്, ഫോട്ടോ ഷൂട്ട് സംഘങ്ങളുടെ ഇഷ്ടകേന്ദ്രം; കോവളം-മുക്കോല എൻ.എച്ചിൽ അപകടങ്ങൾ തുടർക്കഥ

വിഴിഞ്ഞം: അപകടങ്ങൾ തുടർക്കഥയായി നിർമാണം പുരോഗമിക്കുന്ന കോവളം -മുക്കോല എൻ.എച്ച് റോഡ്. യുവാക്കളുടെ മരണത്തിനു കാരണമായ ബൈക്കപകടത്തിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

ബൈക്ക് റേസിങ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ഒരാളാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഇതിനിടയിലാണ് എതിർദിശകളിൽനിന്ന് വന്ന ബൈക്കുകൾ കൂട്ടിയിടിച്ചത്. ഗതാഗതത്തിനായി എൻ.എച്ച് റോഡിന്‍റെ ഈ ഭാഗം തുറന്നു നൽകിയ നാൾ മുതൽ ഇവിടെ അപകടങ്ങൾ തുടർക്കഥയാണ്. ഈ റോഡിലേക്ക് ഇറങ്ങാൻ അപ്രോച്ച് റോഡുകൾ ഇല്ലാത്തതിനാൽ അപകടങ്ങൾ നടന്നാൽ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കിലോമീറ്ററുകൾ ചുറ്റണം.

നിരന്തരം യുവതി-യുവാക്കൾ ഫോട്ടോ ഷൂട്ടിനായി ഇപ്പോൾ തെരഞ്ഞെടുക്കുന്ന സ്ഥലമാണിത്. കോവളത്ത് എൻ.എച്ച് റോഡ് അടച്ചിട്ടുണ്ടെങ്കിലും ഇതിനു തൊട്ടടുത്തുതന്നെ സർവിസ് റോഡിൽനിന്ന് അപ്രോച്ച് റോഡ് നൽകിയിരിക്കുകയാണ്. ഇവിടെനിന്ന് മുക്കോല തലയ്‌ക്കോട് വരെ അഞ്ച് കിലോമീറ്റർ റോഡ് നീണ്ടുകിടക്കുകയാണ്.

ഇതിൽ തുടക്കത്തിലും അവസാനത്തിലും മാത്രമേ എൻ.എച്ചിലേക്ക് അപ്രോച്ച് റോഡ് താൽക്കാലികമായി നൽകിയിട്ടുള്ളൂ. അതിനാൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്താൻ ബുദ്ധിമുട്ടാണ്. അവധി ദിവസം ആയാൽ രാവിലെ മുതൽതന്നെ ഫോട്ടോ ഷൂട്ടിങ് നടത്താൻ യുവതി- യുവാക്കളുടെ സംഘം ഈ റോഡിൽ സജീവമാണ്.

പൊലീസ് എത്തിപ്പെടാൻ താമസിക്കുന്നതിനാൽ ബൈക്ക് റേസിങ് സംഘത്തിന്‍റെ ഇഷ്ട സ്ഥലമാണ് ഈ റോഡ്. ഞായറാഴ്ച രാവിലെ ഇവിടെ ബൈക്ക് റേസിങ് നടക്കുന്നുണ്ടെന്ന് നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് യുവതികൾ ഉൾപ്പെടുന്ന സംഘത്തെ താക്കീത് നൽകി പറഞ്ഞ് വിട്ടിരുന്നു. അപകടകരമായനിലയിൽ ബൈക്കിൽ സ്റ്റണ്ട് നടത്തി ഫോട്ടോയും വിഡിയോയും എടുക്കുന്നത് ആണ് രീതി.

വാഹനങ്ങൾ ചീറിപ്പായുന്ന ഈ റോഡിൽ പ്രഭാത-സായാഹ്ന സവാരിക്ക് ഇറങ്ങുന്നവരും പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. പലപ്പോഴും നാട്ടുകാർ ഇടപെട്ട് പൊലീസിനെ വിളിച്ചറിയിക്കുന്നുണ്ടെങ്കിലും ഇവിടേക്ക് എത്തിപ്പെടുക എന്നത് ഒരു കടമ്പയാണ്.

Tags:    
News Summary - Accidents continue in Kovalam-Mukola NH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.