പിടിയിലായ പ്രതികൾ

പൊലീസിനുനേരെ ആക്രമണം

കോവളം: അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ വിഴിഞ്ഞം പൊലീസിന് നേരെ ആക്രമണം. ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് ജീപ്പ് ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. സഹോദരങ്ങളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിള എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപം താമസിക്കുന്ന നിശാന്ത് (43), സഹോദരൻ അജിത് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. മുറിച്ചിട്ട മരങ്ങൾ വാഹനത്തിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുള്ള തർക്കം കൈയാങ്കളിയിൽ എത്തിയതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കാര്യങ്ങൾ തിരക്കുന്നതിനിടയിൽ പ്രകോപിതരായ ഒരുവിഭാഗം പൊലീസ് വാഹനം തടഞ്ഞു.

പ്രശ്നമുണ്ടാക്കിയ സംഘത്തിലെ നിശാന്തിനെയും അജിത്തിനെയും പൊലീസ് ബലമായി പിടിച്ച് ജീപ്പിൽ കയറ്റി. പ്രതികളെ സ്റ്റേഷനിൽ കൊണ്ടുവരാനായി വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടയിലായിരുന്നു ഡ്രൈവർക്ക് നേരെ ആക്രമണം. മറ്റ് പൊലീസുകാർ വാഹനം തടഞ്ഞവരെ നിയന്ത്രിക്കുന്നതിനിടയിൽ ജീപ്പിലുണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് സംഘം ഡ്രൈവറുടെ മുഖത്തടിച്ചു.

അപ്രതീക്ഷിതമായ അടിയിൽ കണ്ണിന് പരിക്കേറ്റ ഡ്രൈവർ സജൻ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ, വനിത പൊലീസ് ഇല്ലാതെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കുനേരെ പൊലീസ് തിരിഞ്ഞതായി എതിർകക്ഷിക്കാരും ആരോപിക്കുന്നു. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

Tags:    
News Summary - Attack on police two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.