കോവളം: കോവളം ബൈപാസിലെ കോവളം മുക്കോല പാതയിൽ പോറോഡ് പാലത്തിനുസമീപം ബൈക്കിടിച്ച് നാലു വയസ്സുകാരൻ മരിച്ച കേസിൽ ബൈക്ക് ഓടിച്ച വിദ്യാർഥിയെ പൊലീസ് അറസ്റ്റ്ചെയ്തു. സംഭവത്തിൽ അപകടത്തിനിടയാക്കിയ ബൈക്ക് കഴിഞ്ഞ ദിവസം കോവളം പൊലീസ് കരമനയിലെ വർക്ക്ഷോപ്പിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് (21) അറസ്റ്റുചെയ്തത്. മാർച്ച് 30ന് രാത്രി കോവളം ആഴാകുളം പെരുമരം എം.എ. വിഹാറിൽ ഷൺമുഖ സുന്ദരം -സി.എൽ. അഞ്ചു ദമ്പതികളുടെ ഇളയ മകൻ യുവാൻ കൊല്ലപ്പെട്ടത്.
ഭക്ഷണവും കളിപ്പാട്ടവും വാങ്ങാൻ മാതാവിനൊപ്പം പോയി ബൈപാസിന്റെ പോറോഡ് ഭാഗത്തെ ഇരുട്ടുനിറഞ്ഞ പാത മുറിച്ചു കടക്കുമ്പോഴായിരുന്നു ബൈക്കിടിച്ചു വീഴ്ത്തിയത്. നിറുത്താതെ പോയ ബൈക്കിനായി പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.
ഇടിച്ചിട്ട ബൈക്കിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങൾ സംഭവ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതിൽനിന്ന് വാഹനം ആഡംബര ബൈക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
സി.സി.ടിവിയും ബൈക്ക് ഷോറൂമുകളും സർവിസ് സെന്ററുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കരമനയിലെ വർക് ഷോപ്പിൽനിന്ന് ബൈക്ക് കണ്ടെത്തിയത്. വാഹനയുടമയെ ശനിയാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു.
തുടർന്ന് അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. പേടികാരണമാണ് പൊലീസിൽ കീഴടങ്ങാത്തതെന്ന് കോവളം എസ്.എച്ച്.ഒ എസ്. ബിജോയ് പറഞ്ഞു. യുവാവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.