കോവളം: ബ്ലേഡ് മാഫിയാ സംഘം ഹിറ്റാച്ചി ഉപയോഗിച്ച് വീടിെൻറ ചുറ്റുമതിൽ തകർത്തു. കേെസടുക്കുന്നതിനു പകരം പൊലീസ് സ്റ്റേഷനിൽ വെച്ച് സംഭവം ഒത്തുതീർപ്പാക്കി.ഞായറാഴ്ച രാവിലെ ഏഴു മണിയോടെ കോവളം കോളിയൂർ സ്വദേശിനി മിനിയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്.
21 വര്‍ഷം മുമ്പ് മിനിയുടെ പിതാവ് തിരുവല്ലം സ്വദേശിയിൽനിന്ന് ഒന്നര ലക്ഷം രൂപ പലിശക്കെടുത്തിരുന്നു. 60,000 രൂപ വരെ തിരികെ അടച്ചിരുന്നു.പിതാവ് മരിച്ചതോടെ തുക തിരികെ നൽകുന്നത് അനിശ്ചിതത്വത്തിലായി. ബാക്കി തുകയും പലിശയുമടക്കം 91,000 രൂപയാണ് മടക്കിനൽകാനുള്ളത്. ഇതിെൻറ പേരിൽ കേസ് നടക്കുന്നയതായി പറയുന്നുണ്ട്.
കേസ് അവസാനിപ്പിക്കാൻ എട്ടു ലക്ഷം രൂപയും എട്ടു സെൻറ് സ്ഥലവും അവശ്യപ്പെട്ടതായാണ് പറയുന്നത്. അതിനിടയിലാണ് ഒരു സംഘം ആളുകൾ ഹിറ്റാച്ചിയുമായെത്തി ഞയറാഴ്ച അതിക്രമം നടത്തിയത്. തുടർന്ന്, നാട്ടുകാർ ഇവരെയും മതിൽ പൊളിക്കാനുപയോഗിച്ച ഹിറ്റാച്ചിയും പിടികൂടി കോവളം പൊലീസിന് കൈമാറി. എന്നാൽ, പൊലീസ് ഇടപെട്ട് കൊടുക്കാനുള്ള മുതലും പലിശയുമടക്കം എട്ടു ലക്ഷം രൂപ 15 ദിവസത്തിനുള്ളിൽ നൽകിയാൽ പലിശക്ക് പണം നൽകിയ വ്യക്തി വീടും സ്ഥലവും വിട്ടുനൽകുമെന്ന നിബന്ധനയിൽ കേസെടുക്കാതെ ഒത്തുതീർപ്പാക്കി.
പലിശക്ക് പണം നൽകിയ വ്യക്തിക്കെതിരെ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ മണി ലെൻഡിങ് ആക്ട് പ്രകാരമുള്ളതടക്കം കേസുകളുള്ളതായാണ് വിവരം.കേസ് നടക്കുന്നതിനാൽ മിനിയും പ്രായപൂര്‍ത്തിയായ മകളും മകനും വീടിനു സമീപമുള്ള ഷെഡിലേക്ക് താമസം മാറി. സുരക്ഷിതമല്ലാത്തതിനാല്‍ മകള്‍ മിനിയുടെ അനിയത്തിയുടെ വീട്ടിലാണ് കഴിഞ്ഞുവരുന്നത്.
അതിര്‍ത്തി, മലയോര മേഖലയിലും േബ്ലഡ് മാഫിയ പിടിമുറുക്കുന്നു
വെള്ളറട: അതിര്‍ത്തി, മലയോര മേഖലയിലെ കര്‍ഷക കുടുംബങ്ങൾ േബ്ലഡ് മാഫിയയുടെ ഭീഷണിയിൽ. കോവിഡ് കാലത്ത് വട്ടിപ്പലിശക്ക് കാശ് കടം വാങ്ങിയ കുടുംബങ്ങളാണ് ഭീഷണിക്കിരയായത്.
പലിശ മുടക്കം വരുത്തുകയാണെങ്കില്‍ ഫോണിൽ വിളിച്ചും വീട്ടുകളിലെത്തിയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതുമായാണ് പരാതി. പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ നല്കിയാലും പരിഹാരം ഉണ്ടാകാറില്ലെന്ന ആക്ഷേപമുണ്ട്.
പരാതി നൽകുന്നവരുടെ വീടുകയറി അക്രമണം നടത്തുന്നതാണ് സംഘങ്ങളുടെ രീതി. ഭയന്ന് പലരും പരാതിയുമായി രംഗത്ത് വരാത്തതും മാഫിയ സംഘങ്ങള്‍ക്ക് സഹായകമാകുന്നു.
വെള്ളറട, പനച്ചമൂട്, കാരക്കോണം, അമ്പൂരി, മലയം തുടങ്ങിയ പ്രദേശങ്ങളിൽ േബ്ലഡ് മാഫിയ സംഘം വ്യാപകമാണ്.
ഒരു ലക്ഷത്തില്‍ അധികം രൂപ നല്കുകയാണെങ്കില് വീടിെൻറയോ വസ്തുകളുടെയോ ആധാരം അവരുടെ പേരില്‍ പതിച്ചുനല്‍കണം.സമയത്ത് പലിശയും മുതലും മടക്കിനല്‍കിയില്ലെങ്കില്‍ വീടും വസ്തുവും ചുരുങ്ങിയ തുകക്ക് േബ്ലഡ് മാഫിയ സംഘങ്ങള്‍ കൈവശപ്പെടുത്തും. കെണിയില്‍പെട്ട് വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.