വി​ഴി​ഞ്ഞം തീ​ര​ത്തെ​ത്തി​യ ജെ​റി​യോ​ൺ എ​ലോ​ട്ട് പാ​യ്ക്ക​പ്പ​ലി​ൽ

പായ്ക്കപ്പലിൽ ലോകംചുറ്റുന്നതിനിടെ പരിക്ക്: വിദേശ പൗരനെ വിഴിഞ്ഞത്ത് എത്തിച്ചു

കോവളം: പായ്ക്കപ്പലിൽ ലോകംചുറ്റുന്നതിനിടെ കാലിന് പരിക്കേറ്റ് തമിഴ്‌നാട്ടിലെ കടലിൽ പായ്ക്കപ്പൽ നങ്കൂരമിട്ട വിദേശ പൗരനെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. നെതർലൻഡ്സ് സ്വദേശി ക്യാപ്റ്റൻ ജെറിയോൺ എലോട്ടിനെയാണ് (48) വിഴിഞ്ഞത്ത് എത്തിച്ചത്. ഇയാൾക്ക് വൈദ്യസഹായം തേടാനായി താൽക്കാലികമായി തങ്ങാനുള്ള അനുമതിയും മാരിടൈം ബോർഡ് അധികൃതർ നൽകി. കഴിഞ്ഞ വർഷം താൻസനിയയിൽ നിന്ന് ഇന്ത്യോനേഷ്യ വഴിയായിരുന്നു ഡർ എന്നു പേരുള്ള തന്‍റെ പായ്ക്കപ്പലിൽ ലോകം ചുറ്റാനായി ഒറ്റക്ക് പുറപ്പെട്ടത്.

സഞ്ചാരത്തിന്‍റെ ഭാഗമായി ഇന്ത്യൻ കടലിലെത്തിയ ജെറിയോൺ ഇടതുകാലിനുണ്ടായ പരിക്ക് വഷളായതോടെ കന്യാകുമാരി ലക്ഷ്യമാക്കി യാത്ര ചെയ്തെങ്കിലും യാത്ര തുടരാനാകാതെ കഴിഞ്ഞ ദിവസം തേങ്ങാപ്പട്ടണം തുറമുഖത്തിനടുത്ത് പായ്ക്കപ്പൽ നങ്കൂരമിട്ടു. വിവരമറിഞ്ഞ സുരക്ഷാ ഏജൻസികൾ ഇവിടെ പായ്ക്കപ്പലിലെത്തി രേഖകൾ പരിശോധിക്കുകയും പരിക്കിന് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തിരുന്നു. തുടർന്ന് കേരള മാരിടൈം അധികൃതരുടെ സഹായം തേടിയതിന്‍റെ അടിസ്ഥാനത്തിൽ കോസ്റ്റൽ പൊലീസിന്‍റെ സഹായത്തോടെ തിങ്കളാഴ്ച വിദേശപൗരനെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു.

തുറമുഖത്തെ സീവേർഡ് വാർഫിൽ അടുപ്പിച്ച പായ്ക്കപ്പലിലാണ് ജെറിയോൺ എലോട്ട് തങ്ങുന്നത്. ഈ മാസം 28 വരെ തങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. സ്കൂബ ഡൈവിങ് അടക്കം സൗജന്യമായി മുങ്ങൽ, നീന്തൽ തുടങ്ങിയ ജല അഭ്യാസങ്ങൾ പരിശീലിപ്പിക്കുന്ന ജെറിയോൺ എലോട്ട് ഫ്രീഡൈവിങ് കോച്ചസ് ഓഫ് ഏഷ്യ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്‍റെ സാരഥിയാണ്.

Tags:    
News Summary - Injured during the journey: The foreign national was brought to Vizhinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.