കോവളം: വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 14 വയസ്സുകാരി ആശുപത്രിയിൽ മരിക്കാനിടയായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തുമകളായ ഗീതുവിെൻറ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
വെങ്ങാനൂർ ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരിയായ ഗീതുവിനെ കഴിഞ്ഞ 14 നാണ് പനിയെ തുടർന്ന് വിഴിഞ്ഞം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് 6.30ഓടെ മരിക്കുകയായിരുന്നു. നൂറ് കിലയോളം ശരീരഭാരമുണ്ടായിരുന്ന വിദ്യാർഥിനിക്ക് കാലിെൻറ വീക്കമല്ലാതെ മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നതായി വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മരിക്കുന്നതിെൻറ തലേദിവസം രാത്രിയിൽ ഗീതു ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതായും തലേദിവസം സമീപവീടുകളിൽ ചെന്നതായും പ്രദേശവാസികൾ മൊഴിനൽകിയതായും പൊലീസ് പറഞ്ഞു.
കുട്ടിയുടെ അടുത്ത ബന്ധു ഉൾപ്പെടെ മൂന്ന് യുവാക്കളെയും പൊലീസ് കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. കുട്ടി കിടന്ന മുറി പൂട്ടി സീൽവെച്ച പൊലീസ് വസ്ത്രങ്ങളടക്കം രാസപരിശോധനക്കായി അയച്ചു. ഫോർട്ട് എ.സി ആർ. പ്രതാപൻനായർ, കോവളം എസ്.എച്ച്.ഒ പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗീതുവിെൻറ രക്ഷിതാക്കൾ അടക്കം മുപ്പതോളം പേരെ സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴികൾ രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധന ഫലവും ലഭിച്ചാൽ മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.