കോവളം: ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാൽ നടപ്പാതയുടെ സ്ലാബിനിടയിൽ കുടുങ്ങി. വിഴിഞ്ഞത്തു നിന്നെത്തിയ ഫയർഫോഴ്സ് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. പരിക്കേറ്റ കുട്ടിയെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് തെക്കെ കുന്നത്തുവിളാകം വീട്ടിൽ ഗണേഷിന്റെ മകൾ അനാമികക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ഏഴോടെ ബീച്ചിന് സമീപം ലൈറ്റ് ഹൗസ് റോഡിലായിരുന്നു സംഭവം. എതിരെ വന്ന വാഹനം കടന്നുപോകാൻ പിറകിലേക്ക് മാറിയ കുട്ടിയുടെ വലതുകാൽ ഓടയുടെ സ്ലാബിനിടയിലേക്ക് താഴ്ന്ന് കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ കാല് പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഫയർഫോഴ്സ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. വിഴിഞ്ഞം യൂനിറ്റിലെ അസിസ്റ്റന്റ്സ്റ്റേഷൻ ഓഫീസർ ഏംഗൽസ്, ഫയർമാൻമാരായ അനീഷ് എസ്. ബി, സന്തോഷ് കുമാർ, ഷിജു, ഷിബി, പ്രദീപ് എന്നിവർ സ്ഥലത്തെത്തി. വേദനിച്ച് നിലവിളിക്കുകയായിരുന്ന കുട്ടിയെ ആശ്വസിപ്പിച്ച ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ, കമ്പിപ്പാര എന്നിവയുടെ സഹായത്തോടെ സ്ലാബ് ഇളക്കി മാറ്റി.
സ്ലാബുകൾ ടാറിട്ട് ഉറപ്പിച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിച്ചതായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. അവധി ആഘോഷിക്കാൻ വിഴിഞ്ഞത്തെ ബന്ധുവീട്ടിൽ എത്തിയശേഷം കോവളം ബീച്ച് കാണാൻ വന്നതായിരുന്നു കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.