കോവളം: മരണ സർട്ടിഫിക്കറ്റ് തേടിയെത്തിയ പൊലീസിന് മുന്നിലെത്തിയത് മരിച്ചുപോയെന്ന് പറഞ്ഞ പ്രതി. ഇയാളെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനുമുഹമ്മദിനെയാണ് (60) പ്രതിയുടെ മരണ സർട്ടിഫിക്കറ്റ് തേടിപ്പോയ വിഴിഞ്ഞം എസ്.ഐമാരായ സമ്പത്ത്, വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
വിചാരണയിലിരുന്ന കൊലപാതകക്കേസിനായി പ്രതി കോടതിയിൽ ഹാജരായില്ല. പ്രതി മരിച്ചുപോയെന്ന് വക്കീൽ കോടതിയിൽ അറിയിച്ചെങ്കിലും മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല. ഇതോടെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടർന്നാണ് പ്രതിയുടെ വീട്ടിൽ പൊലീസെത്തിയത്.
2017 ലെ മീൻപിടിത്ത സീസണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിഴിഞ്ഞം ഫിഷ് ലാൻഡിങ് സെന്ററിൽ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിൽ രാത്രിയിൽ ഉറങ്ങാൻ കിടക്കവിരിക്കുന്നതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബർട്ട് കൊല്ലപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളായ ജോൺസൺ, മുഹമ്മദാലി, സീനുമുഹമ്മദ് എന്നിവരെ വിഴിഞ്ഞം പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികളിൽ സീനുമുഹമ്മദ് തമിഴ്നാട്ടിലേക്ക് മുങ്ങി.
ആരുമായും ബന്ധമില്ലായിരുന്ന ഇയാൾ വിചാരണക്കും കോടതിയിൽ ഹാജരായിരുന്നില്ല. തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.