കോവളം: കാർ വിൽക്കാനുണ്ടെന്ന സമൂഹമാധ്യമത്തിലെ പരസ്യം കണ്ട് വാഹനം വിലയ്ക്കെടുത്തശേഷം ഉടമക്ക് പണം നൽകാതെ മറിച്ചുവിൽപന നടത്തി പണം തട്ടുന്ന യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശിയും വിഴിഞ്ഞം ഹാർബർ റോഡിൽ പനനിന്നവിള ഷാഹുൽ മൻസിലിൽ വാടകക്ക് താമസിക്കുന്ന സിറാജുദീനെ (41) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം ഹസീന മൻസിലിൽ അൽ അമീൻ ഹാഫീസ് അമീറിന്റെ കാർ പണം നൽകാതെ കടത്തിക്കൊണ്ടുപോയി കൃത്രിമരേഖ ചമച്ച് മറിച്ച് വിറ്റ കേസിലാണ് അറസ്റ്റെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
പണം നൽകാതെ കൊണ്ടുപോയ പ്രതി കാറിന്‍റെ വില നൽകുകയോ കാർ മടക്കി നൽകുകയോ ചെയ്യാത്തതിനെ തുടർന്ന് മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിന്റെ യഥാർഥ രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് വ്യാജമായി ഉണ്ടാക്കി പാലക്കാട് സ്വദേശിക്ക് വിൽപന നടത്തിയെന്ന് കണ്ടെത്തി.
തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ അറസ്റ്റിലായി എന്ന വാർത്ത പരന്നതോടെ വിവിധയിടങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ വാഹനങ്ങളും ഇത്തരത്തിൽ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് പരാതിയുമായി എത്തിയിരുന്നു.
നേമം, തിരുവല്ലം, ബാലരാമപുരം അടക്കമുള്ള സ്ഥലങ്ങളിൽ പ്രതി ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയെന്നും വാഹനങ്ങളുടെ ആർ.സി ബുക്ക് അടക്കമുള്ള രേഖകൾ ഇയാൾ വ്യാജമായി നിർമിക്കുന്നുവെന്നും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ കെ.എൽ. സമ്പത്ത്, ജി. വിനോദ്, ഗ്രേഡ് എസ്.ഐ ജോൺ ബ്രിട്ടോ, സി.പി.ഒമാരായ അജീഷ്, ഷൈൻരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.