കോവളം: വിഴിഞ്ഞം മുല്ലൂരിൽ കഴിഞ്ഞ ദിവസം ശാന്തകുമാരി കൊല്ലപെട്ടതിന് പിന്നാലെ, ഒരു വർഷം മുമ്പ് 14 വയസുകാരി മരിച്ച സംഭവത്തിൽ കോവളം പൊലീസ് പുനരന്വേഷണം ആരംഭിച്ചു. മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തുമകളായ ഗീതുവിന്റെ മരണ കാരണമാണ് പൊലീസ് അന്വേഷിക്കുന്നത്. ശാന്തകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് റഫീക്കാ ബീവിയും ബന്ധുക്കളും അറസ്റ്റിലായതോടെയാണ് സമാന രീതിയിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന ഗീതുവിന്റെ മരണത്തിന്റെ അന്വേഷണത്തിന് പുതിയ വഴിത്തിരിവുണ്ടായത്.
ഗീതുവിന്റെ വീടിനോട് ചേർന്നുള്ള വാടക വീട്ടിലാണ് റഫീക്ക ബീവിയും മകനും രണ്ട് വർഷത്തോളം താമസിച്ചത്. കഴിഞ്ഞ ജനുവരി 13 ന് അവശ നിലയിൽ കണ്ടെത്തിയ ഗീതുവിനെ ആശുപത്രിയിൽ എത്തിക്കാൻ മുൻ കൈ എടുത്തത് റഫീക്ക ബിവിയാണ്.
സംഭവത്തിൽ പോലീസ് അന്ന് മുപ്പതോളം പേരെ ചോദ്യം ചെയ്തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. എന്നാൽ, മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വീണ്ടും നടന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയത് കേസിനെ കാര്യമായി ബാധിച്ചു. 14ന് വൈകിട്ട് 3.30ന് ഗീതുവിനെ വിഴിഞ്ഞം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചെങ്കിലും 6.30ഓടെ മരിക്കുകയായിരുന്നു. കുട്ടിയുടെ കാലിന് വീക്കമല്ലാതെ മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെന്ന് വീട്ടുകാർ അന്ന് മൊഴി നൽകിയിരുന്നു.
മരിക്കുന്നതിന് തലേന്ന് രാത്രിയിൽ ഗീതു ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അന്ന് തന്നെ കുട്ടി സമീപവീടുകളിൽ ചെന്നിരുന്നതായി പ്രദേശവാസികളും മൊഴി നൽകിയിരുന്നു. എന്നാൽ ഇതിനിടയിൽ ഇവിടെ നിന്നും റഫീക്കാ ബീവിയും മകനും വീട് മാറി പോയിരുന്നു. ശാന്തകുമാരിയുടെ മരണവും ഗീതുവിന്റെ മരണവും ഒരേ മാസത്തിലും ഒരേ തീയതികളിലും വന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.