തിരുവനന്തപുരം: കെ-ഫോൺ ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും സൗജന്യ കണക്ഷൻ നടപടി എങ്ങുമെത്തിയില്ല. ഒടുവിലെ കണക്ക് പ്രകാരം 2700 ബി.പി.എൽ കുടുംബങ്ങൾക്ക് മാത്രമാണ് ഇന്റർനെറ്റ് എത്തിക്കാനായത്. ഒന്നാംഘട്ടമായി ലക്ഷ്യമിട്ടിരുന്ന 14000 കണക്ഷൻ ജൂൺ അവസാനത്തോടെ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
രണ്ടാഴ്ചകൊണ്ട് ശേഷിക്കുന്ന 11300 കണക്ഷൻ അപ്രാപ്യമാണ്. ബി.പി.എൽ കുടുംബങ്ങളിൽ നല്ലൊരു ശതമാനവും ഉൾഗ്രാമങ്ങളിലാണ്. ഇവിടേക്ക് കേബിൾ ശൃംഖല സ്ഥാപിച്ചാലേ കണക്ഷൻ എത്തിക്കാനാകൂ. ഇതിനും സമയമെടുക്കും. ഫലത്തിൽ നിശ്ചയിച്ച സമയത്ത് സൗജന്യ കണക്ഷൻ പൂർത്തിയാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ഇതിന് പുറമെയാണ് തദ്ദേശസ്ഥാപനങ്ങൾ നൽകിയ ഉപഭോക്തൃ പട്ടികയിലെ പൊരുത്തക്കേടുകൾ മുതൽ സാങ്കേതിക പ്രശ്നങ്ങൾവരെയുള്ള മറ്റു കാരണങ്ങൾ.
കണക്ഷൻ ഇഴഞ്ഞു നീങ്ങുന്നുവെന്ന് മാത്രമല്ല, എണ്ണത്തിലും അവ്യക്തതകളുണ്ട്. 2017 ൽ പദ്ധതി പ്രഖ്യാപിക്കുമ്പോൾ പറഞ്ഞത് 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനും പദ്ധതി തുടങ്ങി 18 മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കുമെന്നുമാണ്. ഇപ്പോൾ പ്രഖ്യാപിച്ചത് ഒരു നിയോജക മണ്ഡലത്തിൽ 100 എന്ന നിലയിൽ ആകെ 14000 കണക്ഷനാണ്. ഇത് ഒന്നാം ഘട്ടമായി പരിഗണിച്ചാലും എത്ര സമയപരിധിയിൽ പൂർത്തിയാക്കുമെന്നു പറയുന്നില്ല.
20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിയും 60000 പേര്‍ക്ക് നല്‍കാനുള്ള ലൈസന്‍സ് മാത്രമാണ് സര്‍ക്കാറിന്റെ കൈവശമുള്ളത്. നിശ്ചിത നിരക്ക് ഈടാക്കിയുള്ള കണക്ഷൻ ആഗസ്റ്റ് മുതൽ നൽകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിലും ഇപ്പോൾ ഉറപ്പ് പറയുന്നില്ല.
ഓൺലൈൻ അപേക്ഷക്ക് ‘എന്റെ കെ ഫോൺ’ എന്ന പേരിൽ ആപ് തുടങ്ങിയിരുന്നു. മൊബൈൽ നമ്പർ വഴിയാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ, വിവരങ്ങൾ നൽകിയാലും സ്ഥിരീകരണ സന്ദേശം ലഭിക്കുന്നില്ല. ഇതോടെ അപേക്ഷ നടപടി വിജയകരമായി പൂർത്തിയാക്കിയോ എന്നും അപേക്ഷ സ്വീകരിച്ചോ എന്നും അറിയാൻ മാർഗങ്ങളില്ല. വീണ്ടും ശ്രമിച്ചാൽ ഒരുവട്ടം നൽകിയതിനാൽ ഈ ഫോൺ നമ്പർ ഉപയോഗിച്ച് നടപടി തുടരാനാകില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. കേബിൾ ടി.വി ഓപറേറ്റർമാർക്ക് ഫ്രാഞ്ചൈസി നൽകി പ്രാദേശികതലത്തിൽ കെ-ഫോൺ എത്തിക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.