തിരുവനന്തപുരം: ജില്ല തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശങ്ങൾ കാറ്റിൽപറത്തി രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. പ്രചാരണത്തിന് ഒരു തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളും ഉപയോഗിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ നവജ്യോത് ഖോസ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെയുള്ള പ്രചാരണമാണ് ജില്ലയിൽ എമ്പാടും നടക്കുന്നത്. നൂറുകണക്കിന് ഫ്ലക്സ് ബോർഡുൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു.
ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും നിർബന്ധമായും പരസ്യത്തിൽ ചേർത്തിരിക്കണമെന്ന നിർദേശമുണ്ടെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയും ഇത്തരമൊരു നിർദേശം മുഖവിലക്കെടുത്തിട്ടില്ല. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ബോർഡുകൾ, പോസ്റ്ററുകൾ സ്ഥാപിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന നിർദേശമുണ്ടെങ്കിലും കൈയൂക്കും ഭീഷണിയുമാണ് പലയിടങ്ങളിലും. പരാതിപ്പെട്ടാൽ ഭീഷണിയാണ്. ഇത്തരത്തിൽ കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റുകൾ വരെ പ്രവർത്തകർ വെള്ളയടിച്ച് ബുക്ക് ചെയ്തുകഴിഞ്ഞു
കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് പലയിടങ്ങളിലും 10ഉം 20ഉും പേരാണ് സ്ഥാനാർഥിക്കൊപ്പം ഇലക്ഷൻ പ്രചാരണത്തിന് വാദ്യമേളവുമായി വീടുവീടാന്തരം കയറിയിറങ്ങുന്നത്. ദിവസങ്ങൾക്ക് മുമ്പ് വള്ളക്കടവിൽ ഇത്തരത്തിൽ പ്രചാരണവുമായി രംഗത്തിറങ്ങിയ എസ്.ഡി.പി.ഐ പ്രവർത്തകരെ സി.പി.എം പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
വള്ളക്കടവിൽ എസ്.ഡി.പി.ഐ പ്രവർത്തകർ സ്ഥാനാർഥിയുടെ പേരെഴുതാനായി വെള്ളയടിച്ച ചുമരിൽ എസ്.എഫ്.ഐ പ്രവർത്തകർ 'വർഗീയത തുലയട്ടെ' എന്ന് എഴുതിയതും പോസ്റ്ററുകൾ നശിപ്പിച്ചതും വാർഡിൽ പ്രശ്നം സങ്കീർണമാക്കിയതായാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്ന റിപ്പോർട്ട്. എന്നാൽ പ്രശ്ന പരിഹാരത്തിന് റിപ്പോർട്ടിന്മേൽ ഒരു തുടർനടപടികളും ജില്ല ഭരണകൂടമോ പൊലീസോ സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.