തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിച്ച സിറ്റി സർക്കുലറിനോട് തുടക്കത്തിൽ തണുത്ത പ്രതികരണം. പ്രതീക്ഷിച്ച യാത്രക്കാരെ കിട്ടാത്തതിനെതുടർന്ന് ആളുകെള ആകർഷിക്കുന്നതിന് പുതിയ ഓഫറുകൾ നടപ്പാക്കും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശരാശരി 1000 രൂപ കലക്ഷൻ എന്ന നിലയിൽ പലതും ആളൊഴിഞ്ഞാണ് സർവിസ് നടത്തിയത്. പേരൂർക്കട ഡിപ്പോയിൽനിന്ന് 28 ഉം സിറ്റി ഡിപ്പോയിൽനിന്ന് 38 ഉം സർവിസുകളാണ് നിലവിൽ നിരത്തിലുള്ളത്.
നഗരത്തിലെ പ്രധാന പോയൻറുകളെല്ലാം കണക്ട് ചെയ്യുന്നുണ്ടെങ്കിലും അൽപം 'കറക്കം കൂടുതലാ'ണെന്നതാണ് യാത്രക്കാരിൽനിന്നുള്ള പ്രധാന പരാതി. കൂടുതൽ ശാസ്ത്രീയമായും യാത്രാവശ്യകത പരിഗണിച്ചും ക്രമീകരിച്ചാൽ യാത്രാസൗഹൃദ സർവിസുകളായി സിറ്റി സർവിസുകളെ മാറ്റാനാകുമെന്നും നിർദേശമുണ്ട്. അതേസമയം പുതിയ സർവിസുകളായതിനാൽ ആദ്യ മൂന്ന് മാസങ്ങളിൽ വരുമാനം കുറവായിരിക്കുമെന്നും തുടർന്ന് സർക്കുലർ സർവിസുകൾ 'മാർക്കറ്റ് പിടിക്കു'മെന്നും നിലവിലെ സ്ഥിതി മാറുമെന്നുമാണ് മാനേജ്മെൻറിെൻറ ആത്മവിശ്വാസം.
നഗരത്തിലെ മറ്റ് ബസുകളിലെല്ലാം റൂട്ടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സർക്കുലർ സർവിസിൽ ബോർഡില്ലെന്നതായിരുന്നു തുടക്കത്തിലെ വെല്ലുവിളി.
ബസുകളുടെ വശങ്ങളിൽ വഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുൻ ഭാഗത്ത് എൽ.ഇ.ഡി ഡിസ്പ്ലേ മാത്രമായിരുന്നു. ഇത് പകൽ സമയങ്ങളിൽ വ്യക്തമാകാത്തതും പ്രശ്നമായി. നിറം നോക്കി റൂട്ട് കണ്ടുപിടിക്കാനൊന്നും മുതിരാത്തതിനാൽ യാത്രാക്കാർ പൊതുവെ പിൻവലിഞ്ഞു. ഇത് തിരിച്ചറിഞ്ഞ് ബസുകളിൽ ഇപ്പോൾ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ആകർഷക ഓഫർ
ഡിസംബർ ആറ് മുതൽ ജനുവരി 15 വരെ സർക്കുലർ സർവിസിൽ 10 രൂപ ടിക്കറ്റിൽ നഗരത്തിൽ ഒരു സർക്കിളിൽ യാത്ര ചെയ്യാമെന്നതാണ് പുതിയ ഓഫർ. നഗരത്തിൽ എവിടെനിന്നും കയറി ഒരു ബസിൽ ഒരു ട്രിപ്പിൽ എവിടെയും ഇറങ്ങുന്നതിനോ ഒരു സർക്കിൾ പൂർത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നൽകിയാൽ മതിയാകും.
ക്രിസ്മസ്, പുതുവത്സര, ശബരിമല സീസനോട് അനുബന്ധിച്ചാണ് സർക്കുലർ യാത്രക്ക് 10 രൂപ മാത്രം അനുവദിക്കാൻ തീരുമാനിച്ചത്. നേരത്തേ മിനിമം ചാർജ് 10 രൂപയിൽ തുടങ്ങി 30 വരെയായിരുന്നു ഒരു സർക്കുലർ ടിക്കറ്റ് ചാർജ്. അതേസമയം 50 രൂപയുടെ ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നവർക്ക് എല്ലാ സർക്കിളുകളിലും ടിക്കറ്റ് എടുത്ത സമയം മുതൽ 24 മണിക്കൂർ സമയം യാത്ര ചെയ്യാവുന്ന ഗുഡ് ഡേ ടിക്കറ്റ് തുടരുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. നഗരത്തിെൻറ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 10-15 മിനിറ്റ് ഇടവേളകളില്‍ തുടര്‍ച്ചയായി ബസുകള്‍ ഓടിക്കുന്നതാണ് സിറ്റി സർക്കുലർ സർവിസ്.
തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഭാവിയില്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ-വ്യാപാര സ്ഥാപനങ്ങള്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ ബന്ധിപ്പിച്ചാണ് ബസുകൾ വിന്യസിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.