മെഡിക്കല്‍ കോളജ്: വര്‍ഷങ്ങളായി കുമാരപുരം കുഞ്ചുവീട് നിവാസികളെ ദുരിതത്തിലാക്കിയ റോഡിന്റെ ശോച്യാവസ്ഥക്ക് തൊട്ടുപിന്നാലെ കഴിഞ്ഞദിവസം പുലര്‍ച്ച വന്‍ കുന്നിടിച്ചിലും. ശക്തമായ മഴയിലാണ് പുലര്‍ച്ച 1.20 ഓടെ വന്‍ ശബ്ദത്തോടെ ജനവാസമേഖലയിലേക്ക് കുന്നിടിഞ്ഞുവീണത്. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്.
ദക്ഷിണ വ്യോമസേന ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തെ കുന്നിടിഞ്ഞ് വന്‍ ശബ്ദത്തോടെ ജനവാസപ്രദേശത്തേക്ക് പതിക്കുകയായിരുന്നു. മൂന്ന് കിലോമീറ്ററോളം വരുന്ന കുന്നിന്റെ ഒരു ഭാഗമാണ് ജനവാസപ്രദേശത്ത് പതിച്ചത്. സംഭവം നടന്നയുടന്‍ ജനങ്ങള്‍ ഞെട്ടിയുണര്‍ന്ന് നാലുഭാഗത്തേക്കും ചിതറിയോടുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
വ്യോമസേന സമുച്ചയത്തിന്റെ മതിലും ഇടിഞ്ഞു താഴേക്കുപതിച്ചു. നിലവിൽ മാനം കറുക്കുന്നതോടെ കുഞ്ചുവീട് നിവാസികള്‍ ഭയത്തോടെയാണ് രാപകൽ തള്ളിനീക്കുന്നത്.
മുന്‍കാലത്ത് വ്യോമസേന ആസ്ഥാനത്തിന്റെ ഭാഗമായുള്ള വസ്തു ഇടിച്ച് നിരപ്പാക്കാന്‍ സ്വകാര്യ വ്യക്തികള്‍ മണ്ണെടുത്തതാണ് കുന്നിടിയാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തുടക്കത്തില്‍ ചെറിയ തോതിലുണ്ടായിരുന്ന മണ്ണിടിച്ചിൽ ക്രമേണ ശക്തമാകുകയായിരുന്നു.
പ്രദേശത്ത് അപകടഭീഷണിയിൽ 150 ഓളം കുടുംബങ്ങളുണ്ട്. 2021ല്‍ കഴിഞ്ഞദിവസം ഇതേഭാഗത്ത് വലിയതരത്തില്‍ മണ്ണിടിഞ്ഞിരുന്നു. പിന്നാലെയാണ് കഴിഞ്ഞദിവസത്തെ സംഭവം. വീട്ടിലേക്ക് പടുകൂറ്റന്‍ പാറകൾ വീണതിനെയും മരങ്ങളും കടപുഴകിയതിനെയും തുടര്‍ന്ന് ഒരു കുടുംബം താമസം മാറിയിരുന്നു.
മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ വ്യോമസേനയുടെ കെട്ടിടങ്ങളും അപകടാവസ്ഥയിലാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചെറിയൊരു ഉരുൾപൊട്ടലില്‍ പോലും പ്രദേശം ആകെ മണ്ണിനടിയിലാകുന്ന സ്ഥിതിയാണ്. മണ്ണിടിച്ചില്‍ തടയുന്നതിന് ഏക മാര്‍ഗം ഒരു കിലോമീറ്ററോളം നീളത്തില്‍ കോണ്‍ക്രീറ്റ് സ്ഥാപിച്ച് ബെല്‍റ്റ് ചെയ്യുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഇതിന് കോടികള്‍ െചലവുവരുമെന്നാണ് വ്യോമസേന അധികൃതരുടെ വിലയിരുത്തല്‍. വിഷയത്തിൽ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് കുഞ്ചുവീട് നിവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.