തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ എൽ.ഇ.ഡി ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതി നടത്തിയ ഇടപാടിൽ ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി ബി.ജെ.പി. ഇ ടെൻഡർ വിളിക്കാതെ സി.പി.എമ്മിെല ഉന്നത നേതാവിെൻറ ഭാര്യാ സഹോദരൻ മാനേജിങ് ഡയറക്ടറായ യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് (മീറ്റർ കമ്പനി) ലൈറ്റുകൾ സ്ഥാപിക്കാൻ കരാർ നൽകിയത് സർക്കാർ ഉത്തരവുകൾ കാറ്റിൽപറത്തിയാണെന്ന് ആരോപിച്ച് ബി.ജെ.പി കൗൺസിലർ കരമന അജിത്താണ് കഴിഞ്ഞദിവസം രംഗത്തെത്തിയത്. ഇടപാടിൽ 63 ലക്ഷത്തിെൻറ അഴിമതി ആരോപണമാണ് മേയർക്കെതിരെ ഉന്നയിച്ചത്.
10,000 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാനായിരുന്നു ഭരണസമിതി ലക്ഷ്യമിട്ടത്. അപേക്ഷ ക്ഷണിച്ചതനുസരിച്ച് പൊതുമേഖല സ്ഥാപനങ്ങളായ കെൽട്രോൺ, കെ.എസ്.ഐ.ഇ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് ലിമിറ്റഡ് (കെൽ) -2350 രൂപയും മീറ്റർ കമ്പനി- 2450 രൂപയുമാണ് ഒരു യൂനിറ്റ് സ്ഥാപിക്കാനായി ക്വട്ടേഷൻ നൽകിയത്. എന്നാൽ, രാഷ്ട്രീയ സമ്മർദങ്ങളെതുടർന്ന് ഇ ടെൻഡർപോലും ഉപേക്ഷിച്ച് ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയ മീറ്റർ കമ്പനിക്ക് ഭരണസമിതി കരാർ നൽകുകയായിരുന്നത്രെ.
സ്വന്തമായി ഉൽപന്നങ്ങൾ നിർമിച്ചുനൽകുന്ന പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ വിളിക്കാതെ സാധനങ്ങൾ വാങ്ങാൻ 2016ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഇതുപ്രകാരം തദ്ദേശസ്ഥാപനങ്ങൾക്കാവശ്യമായ എൽ.ഇ.ഡി ലൈറ്റുകളും സ്പെയർ പാർട്സുകളും സ്വന്തമായി നിർമിക്കുന്നുണ്ടെന്ന് കാണിച്ച് മീറ്റർ കമ്പനി മാനേജിങ് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയതിെൻറ അടിസ്ഥാനത്തിൽ 2018 സെപ്റ്റംബർ 31ന് ടെൻഡർ കൂടാതെ സാധനങ്ങൾ നൽകാനുള്ള പട്ടികയിൽ മീറ്റർ കമ്പനിയെയും ഇടത് സർക്കാർ ഉൾപ്പെടുത്തി. അതും യാതൊരു പരിശോധനയുമില്ലാതെ. എന്നാൽ, എൽ.ഇ.ഡി ലൈറ്റുകൾ സ്വന്തമായി നിർമിക്കുന്നതിന് പകരം സ്വകാര്യ കമ്പനികളിൽനിന്ന് വാങ്ങി അതിൽ യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിെൻറ സ്റ്റിക്കർ പതിച്ചശേഷം തദ്ദേശസ്ഥാപനങ്ങൾക്ക് കൂടിയ തുകക്ക് കൈമാറുകയാണ് കമ്പനി ചെയ്തിരുന്നത്.
ഇത്തരത്തിൽ തങ്ങളുടേതെന്ന ലേബലിൽ കഴിഞ്ഞവർഷം തിരുവനന്തപുരം കോർപറേഷന് നൽകിയ എൽ.ഇ.ഡി ലൈറ്റുകൾ പ്രമുഖ കമ്പനിയായ 'ക്രോംപ്ടണി'െൻറതായിരുന്നെന്ന് കോർപറേഷൻ എൻജിനീയറിങ് വിഭാഗം കണ്ടെത്തി. ഇതുസംബന്ധിച്ച് മേയർ ആര്യ രാജേന്ദ്രനെയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിനെയും ഉദ്യോഗസ്ഥർ വിവരങ്ങൾ ധരിപ്പിച്ചെങ്കിലും മീറ്റർ കമ്പനിക്കുതന്നെ കരാർ നൽകാനായിരുന്നു നിർദേശം. സ്വന്തമായി ഉൽപന്നങ്ങൾ നിർമിക്കാത്ത പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് വർക്ക് ഓഡറിെൻറ 50 ശതമാനം മാത്രമേ ടെൻഡറില്ലാതെ തദ്ദേശസ്ഥാപനങ്ങൾക്ക് വാങ്ങാൻ സാധിക്കൂ. 50 ശതമാനത്തിന് മുകളിലാണെങ്കിൽ ബ്രാൻഡഡ് ഉൽപന്നങ്ങളടക്കം ഓപൺ ടെൻഡർ വിളിച്ച് കരാർ നൽകണമെന്നാണ് 2016 ഡിസംബർ എട്ടിലെ സർക്കാർ ഉത്തരവ്. ഇതും കോർപറേഷൻ പാലിച്ചില്ല. 10,000 ലൈറ്റുകളുടെയും വർക്ക് ഓഡർ മീറ്റർ കമ്പനിക്ക് മാത്രമായിരുന്നു. ഇതിനെതിരെ മറ്റൊരു പൊതുമേഖല സ്ഥാപനമായ 'കെൽ' പരാതിയുമായി മേയറെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
പ്രചാരണം അടിസ്ഥാനരഹിതം –മേയർ
തിരുവനന്തപുരം: എൽ.ഇ.ഡി ലൈറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ചില കേന്ദ്രങ്ങളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. തദ്ദേശ സ്വയംഭരണവകുപ്പിെൻറ ഉത്തരവനുസരിച്ച് യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിൽനിന്ന് എൽ.ഇ.ഡി ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവ് വിളക്കുകൾ ടെൻഡർ കൂടാതെ തദ്ദേശസ്ഥാപനങ്ങൾക്ക് വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. അത്തരത്തിൽ അനുമതിയുള്ള ഒരേയൊരു സ്ഥാപനം യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡാണ്. അടിയന്തര സാഹചര്യത്തിൽ സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽനിന്ന് സർക്കാർ നിലവിലെ ഉത്തരവുകൾ അനുസരിച്ച് തന്നെയാണ് വാങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടൻ വരാൻ സാധ്യതയുണ്ടായിരുന്നതിനാൽ വിപണിയിൽനിന്ന് ടെൻഡർ ക്ഷണിച്ച് തെരുവുവിളക്ക് വാങ്ങാൻ സാധ്യമായിരുന്നില്ലെന്നും മേയർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.