ആറ്റിങ്ങൽ: വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്ക് മുൻതൂക്കം നൽകി ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികൾ. നിലവിലെ എം.പി യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് എം.പി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചുള്ള ഉദ്ഘാടനത്തിലും നിലവിലെ വർക്കല എം.എൽ.എയായ എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടത്തിയ വിവിധ വികസന പദ്ധതി ഉദ്ഘാടനങ്ങൾക്കും ഒപ്പം ഇടത് തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്കുമാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്.
എൻ.ഡി.എ സ്ഥാനാർഥി നിലവിലെ കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരൻ പുതുതായി അനുവദിച്ച ട്രെയിൻ സ്റ്റോപ്പുകളുടെ ഫ്ലാഗ് ഓഫ്, കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ, എന്നിവയോടൊപ്പം മണ്ഡലത്തിന് പുറത്തും കേരളത്തിന് വെളിയിലുമുള്ള വിവിധ പാർട്ടി പരിപാടികളുടെ ഉദ്ഘാടനത്തിനും സമയം കണ്ടെത്തുന്നുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയി വ്യാഴാഴ്ച ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രം പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ക്ഷേത്രം റിങ് റോഡുകൾ, ക്ഷേത്രക്കുളം ചുറ്റ് റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. ഒരുകോടി രൂപ വിനിയോഗിച്ച് നിർമിച്ച നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മുമൂലി പാലം-ഫാക്ടറി റോഡ് ഉദ്ഘാടനവും നിർവഹിച്ചു. ഉച്ചക്കുശേഷം നെടുമങ്ങാട്, വർക്കല കൺവെൻഷനുകളിൽ പങ്കെടുത്തു. വെള്ളിയാഴ്ച വർക്കല മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനുശേഷം ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ വോട്ട് തേടിയെത്തും. ഉച്ചക്ക് ശേഷം വാമനപുരം നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കും
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് മലയോര മേഖലകളിലെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച പ്രവർത്തിച്ചത്. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്, വിതുര പഞ്ചായത്ത്, പെരിങ്ങമ്മല പഞ്ചായത്ത് എന്നിവിടങ്ങളിൽ എം.പി ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം, ഏലിമല പാലം ഉദ്ഘാടനം, വലിപ്പാറ പയന്തി പാലം നിർമാണ ഉദ്ഘാടനം എന്നിവ നിർവഹിച്ചു.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ വ്യാഴാഴ്ച രാവിലെ അരുവിക്കരയിൽനിന്ന് മണ്ഡലപര്യടനം ആരംഭിച്ചു. ഉച്ചക്കുശേഷം മൂന്നരക്ക് വർക്കല കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ നാഗർകോവിൽ-കോട്ടയം എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ്, വൈകീട്ട് നാവായിക്കുളം ജനസഭ എന്നിവയിൽ പങ്കെടുത്തു. തുടർന്ന് ആറ്റിങ്ങലിൽനിന്ന് കിളിമാനൂരിലേക്ക് പദയാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.