മെഡിക്കല്‍ കോളജ്: ശനിയാഴ്ച രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി ഗതാഗതവും വൈദ്യുതബന്ധവും തകരാറിലായി. ആമയിഴഞ്ചാന്‍ തോടിന്റെ കൈവഴി കരകവിഞ്ഞ് തേക്കുംമൂട് ബണ്ട് കോളനിയിലെ നിരവധി വീടുകളില്‍ വെള്ളംകയറി. കുമാരപുരം, തേക്കുംമൂട്, ഗൗരീശപട്ടം ഭാഗങ്ങളിലെ 150ലേറെ വീടുകളിലും വെള്ളം കയറി.
കണ്ണമ്മൂല പുത്തന്‍പാലം ഭാഗത്ത് പാര്‍വതീ പുത്തനാര്‍ കരകവിഞ്ഞൊഴുകി വീടുകളില്‍നിന്ന് 20ഓളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഗൗരീശപട്ടത്ത് പാര്‍വതീ പുത്തനാറില്‍നിന്നും വെള്ളം വീടുകളിലേക്ക് കയറിയതിനെത്തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
കുമാരപുരം പൊതുജനം ലെയിനില്‍ മതില് ഇടിഞ്ഞു വീണു. അനന്തപുരി ആശുപത്രിയിക്ക് സമീപം മാനവനഗറില് വീടുകളില്‍ വെള്ളം കയറി. അഗ്നി രക്ഷാസേന അധികൃതര്‍ എത്തി ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഒഴിഞ്ഞുപോകാന്‍ തയാറായില്ല. ഓള്‍സെയിന്റ്സ് ബാലനഗറില്‍ മരം പെട്ടിക്കടയുടെ മുകളില്‍ വീണു.
ഓള്‍സെയിന്റ്സ് ബാലനഗറില്‍ തോട്ടില്‍നിന്നും വെള്ളം കയറിയതിനെത്തുടര്‍ന്ന് മൂന്നു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ചാക്ക സ്കൂളിനു സമീപം പുള്ളി ലെയിനില്‍ സുഭദ്രയുടെ വീട്ടില്‍ വെള്ളം കയറി. അഗ്നി രക്ഷാസേന ഇവരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ മാറാന്‍ തയാറായില്ല.
വള്ളക്കടവ് കാരാളിയില്‍ കൂറ്റന്‍ മരം റോഡിനു കുറുകെ വീണു ഗതാഗതം തടസ്സപ്പെട്ടു. ഉള്ളൂര്‍ ആക്കുളം റോഡില്‍ കൂറ്റന്‍ ആഞ്ഞിലി മരം റോഡിനു കുറുകെ വീണു ഗതാഗതം തടസ്സപ്പെട്ടു. കൊച്ചുള്ളൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം ഇ.കെ. നായനാര്‍ നഗറില്‍ വന്‍ ആഞ്ഞിലിമരം കടപുഴകി തോട്ടില്‍ വീണു. വൈദ്യുത ലൈനിനു കുറുകെ വീണതിനെത്തുടര്‍ന്ന് നിരവധി പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു.
വലിയതുറ ഓള്‍സെയിന്റ്സ് ബാലനഗറില്‍ വീട്ടില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് വലിയതുറ എസ്.എച്ച്.ഒ രതീഷിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി വൃക്കരോഗിയായ വീട്ടമ്മയെ വീട്ടില്‍നിന്ന് മാറ്റി പാര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.