തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തിരുവനന്തപുരം മെഡിക്കൽകോളജ് ഒന്നാംസ്ഥാനം നേടിയത് ആഘോഷിക്കുമ്പോഴും 250 മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ ഇരിപ്പിടം 200 മാത്രം. അതും 1951ൽ ആരംഭിച്ചപ്പോൾ 100 മെഡിക്കൽ സീറ്റിനുവേണ്ടി തയാറാക്കിയ 200 ഇരിപ്പിടമാണ്. നാഷനൽ മെഡിക്കൽ കൗൺസിൽ (എൻ.എം.സി) മാർഗരേഖപ്രകാരം 250 സീറ്റ് പ്രവേശനമുള്ള ഒരുമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിന് എയർ കണ്ടീഷൻഡ് ചെയ്ത ഏഴ് ലക്ചർ തിയറ്ററുകൾ ആവശ്യമാണ്.
അതിൽ ആറെണ്ണം 300 വിദ്യാഥികൾക്ക് ഇരിക്കാനും ഒരെണ്ണം 650 വിദ്യാർഥികൾക്ക് ഇരിക്കാവുന്നതുമാകണം. 20 ശതമാനം അധികം ഇരിപ്പിടം എപ്പോഴും പഠന മുറികളിലുണ്ടാകണമെന്നാണ് വ്യവസ്ഥ. ആവശ്യമായ സ്വതന്ത്ര ഓഡിയോ- വിഷ്വൽ സഹായങ്ങൾ എല്ലാം ലക്ചർ തീയറ്ററിന് ഉണ്ടാകണം. പക്ഷെ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ എല്ലാം പരിമിതമാണ്. 200 മെഡിക്കൽ വിദ്യാർഥികൾക്ക് ഇരിക്കാൻ കഴിയുന്ന നാല് ലക്ചർ ഹാൾ മാത്രമാണുള്ളത്.
പി.ജി റെസിഡന്റിന് കാമ്പസിനകത്ത് താമസസൗകര്യം 10 ശതമാനത്തിന് മാത്രമാണ്. അടിസ്ഥാനസൗകര്യങ്ങൾ കുറവുള്ള കോളജിൽ ഗവേഷണ പ്രവർത്തനങ്ങളും ശരാശരിയാണ്. സ്റ്റേറ്റ് ബോർഡ് ഫോർ മെഡിക്കൽ റിസർച്ചിന്റെ (എസ്.ഡി.എം.ആർ) ഫണ്ട് 25 ശതമാനം പോലും ഇപ്പോൾ ചെലവിടുന്നില്ല.
റാങ്കിങ്ങിൽ ഒന്നാംസ്ഥാനം കിട്ടിയ തിരുവനന്തപുരം മെഡിക്കൽകോളജിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റ് സർക്കാർ മെഡിക്കൽകോളജുകളുടെ സ്ഥിതി പരിതാപകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.