തിരുവനന്തപുരം: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധവുമായി സെക്രേട്ടറിയറ്റിന് മുന്നിലെത്തിയതോടെ സെക്രേട്ടറിയറ്റ് പരിസരം വീണ്ടും യുദ്ധക്കളമായി. ആഞ്ഞടിക്കാൻ പൊലീസും തയാറായതോടെ മൂന്നുമണിക്കൂറാണ് സമരത്തിരയിളക്കത്തിൽ നഗരം വിറങ്ങലിച്ചത്.
എസ്.ഡി.പി.ഐയുടെ മാർച്ചാണ് ആദ്യം സെക്രേട്ടറിയറ്റിലേക്ക് എത്തിയത്. പൊലീസ് ബാരിക്കേഡ് തള്ളിനീക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ എന്നിവരുടെ കോലം കത്തിച്ചു. തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഷബീർ ആസാദ് സംസാരിച്ചു. ഇതിനുശേഷമായിരുന്നു എം.എൽ.എമാരായ ഷാഫി പറമ്പിലിെൻറയും കെ.എസ്. ശബരീനാഥെൻറയും നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രേട്ടറിയറ്റിന് മുന്നിലെത്തിയത്.
എം.എൽ.എമാർക്കും അടി
ഷാഫി പറമ്പിലിെൻറ ഉദ്ഘാടനപ്രസംഗം കഴിഞ്ഞതും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലേക്ക് കയറാനുള്ള ശ്രമമായി. ഇതോടെ പൊലീസ് നാല് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.
ഇതോടെ പ്രവർത്തകർ പൊലീസിനുനേരെ തിരിഞ്ഞു. തുടർന്ന് അഞ്ചുതവണ കണ്ണീർ വാതകവും മൂന്നുതവണ ഗ്രനേഡും പൊലീസ് എറിഞ്ഞിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതായതോടെ ലാത്തിവീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലിനും കെ.എസ്. ശബരീനാഥനും മർദനമേറ്റു.
ഇതിനിടയിലാണ് സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായയും സ്ഥലത്തെത്തുന്നത്. എം.എൽ.എമാർക്കും പ്രവർത്തകർക്കും മർദനമേറ്റതിനെതുടർന്ന് പ്രവർത്തകർ കമീഷണർക്കെതിരെ തിരിഞ്ഞത് പൊലീസുകാരെ പ്രകോപിച്ചു. ഇത് വീണ്ടും സംഘർഷത്തിനിടയാക്കി. ഒരുമണിക്കൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
തുടർന്ന് എം.എൽ.എമാർ അടക്കമുള്ളവരെ കമീഷണറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തുനീക്കി. ഇതിനെ ചെറുക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് തല്ലി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എൻ.എസ്. നുസൂർ, അഡ്വ. സാജുഖാൻ, കിരൺ ഡേവിഡ്, റിജി റഷീദ്, അജയ്, മഹേഷ്, ജമീർ, മണക്കാട് അജയൻ, സുനിൽ, ഷെഹിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീര്യത്തോടെ വനിതകളും
യൂത്ത് കോൺഗ്രസുകാരെ നേരിടുമ്പോൾതന്നെ സെക്രേട്ടറിയറ്റിലേക്ക് വന്ന യുവമോർച്ചയുടെ ലോങ് മാർച്ച് സൗത്ത് ഗേറ്റിന് മുന്നിൽ തടഞ്ഞു. പ്രവർത്തകർ തമ്മിലുള്ള സംഘർഷം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് നോർത്ത് ഗേറ്റിലേക്ക് മാർച്ച് കടന്നുവരാൻ പൊലീസ് അനുവദിച്ചത്. സമരഗേറ്റിന് മുന്നിലെ ബാരിക്കേഡ് മറികടക്കാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, പ്രവര്‍ത്തകര്‍ വീണ്ടും കരുത്തോടെ മുദ്രാവാക്യം വിളികളുമായി സമരഗേറ്റിലേക്ക് പാഞ്ഞടുത്തു.
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറും യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുമായ ആശാനാഥിെൻറ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കി. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞശേഷം ലാത്തിച്ചാര്‍ജ് നടത്തി. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.