തിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ കൂടുതൽ റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസ് എത്തുന്നു. നിലവിലുള്ള സർക്കുലർ ബസുകൾ പുനഃക്രമീകരിച്ചതാണിത്. തിരുവനന്തപുരം കോർപറേഷൻ സ്മാർട്ട് സിറ്റി പദ്ധതി വഴി ലഭിച്ച 22 ഇലക്ട്രിക് ബസുകൾകൂടി വ്യാഴാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. വികാസ്ഭവൻ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ശരാശരി പ്രതിമാസം 38 ലക്ഷം രൂപയുടെ ലാഭത്തിലാണ് നഗരത്തിലെ ഇലക്ട്രിക് ബസുകൾ. ഇതിൽ 60 ബസുകൾ സ്മാർട്ട് സിറ്റി പദ്ധതി വഴി ലഭിച്ചതാണ്. ഇതിൽപ്പെട്ട 20 ഇ-ബസുകളാണ് രണ്ടാംഘട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതോടെ നഗരത്തിലെ ഇ-ബസുകളുടെ എണ്ണം 130 ആയി. ഇനി 33 ബസുകൾ കൂടി എത്തും.
പുതുതായി എത്തിയതിൽ 12 ബസുകൾ നഗരത്തിൽ ഓടുന്ന ഡീസൽ ബസുകൾക്ക് പകരമായി ഓടും. ആറുബസുകൾ കഴക്കൂട്ടം-കോവളം ബീച്ച് റൂട്ടിലാണ് സർവിസ് നടത്തുക. പാച്ചല്ലൂർ-തിരുവല്ലം-ഈഞ്ചയ്ക്കൽ-ചാക്ക-ലുലുമാൾ- ടെക്നോപാർക്ക് വഴി കഴക്കൂട്ടം (ബൈപാസ് സർവിസ് റോഡ് വഴി) ആയിരിക്കും. രണ്ട് ബസുകൾ ആർ.സി.സി കേന്ദ്രീകരിച്ചായിരിക്കും സർവിസ് നടത്തുക. കണ്ടക്ടർ, ഡ്രൈവർമാരായി അറുപതുപേരും പുതുതായി ജോലിയിൽ പ്രവേശിച്ചു.2022 ആഗസ്റ്റ് ഒന്നിനാണ് 50 ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിന്റെ ഭാഗമായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്മാർട്ട്സിറ്റി പദ്ധതിയിലൂടെ 60 ബസുകൂടി എത്തി. തുടക്കത്തിൽ ദിവസം 1000 പേരാണ് ബസിൽ കയറിയത്. നിലവിൽ ശരാശരി 80,000 പേർ ബസുകളിൽ കയറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.