തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റംഗം കൂടിയായ സി.പി.എം അനുകൂല അധ്യാപക സംഘടന നേതാവിന് യു.ജി.സി ചട്ടങ്ങൾ മറികടന്ന് അസോസിയേറ്റ് പ്രഫസറായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കത്തിനെതിരെ ഗവർണർക്ക് പരാതി.
കാര്യവട്ടം കാമ്പസിൽ കേരള സ്റ്റഡീസ് വിഭാഗത്തിൽ അസി. പ്രഫസറായ ഡോ.എസ്. നസീബിന് അസോസിയേറ്റ് പ്രഫസറായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കത്തിനെതിരെ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. 1997ൽ കാലടി സംസ്കൃത സർവകലാശാലയിൽ ഒന്നര വർഷം കരാർ അടിസ്ഥാനത്തിലുള്ള അധ്യാപന പരിചയം കൂടി പരിഗണിച്ച് അസോ. പ്രഫസർ ആയി പ്രമോഷൻ നൽകണമെന്ന് നസീബ് സർവകലാശാലക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
അസി. പ്രൊഫസറുടെ ശമ്പളത്തിന് തുല്യമായ ശമ്പളത്തിലുള്ള താൽക്കാലിക നിയമനങ്ങൾ മാത്രമേ അസോസിയേറ്റ് പ്രഫസർ നിയമനത്തിന് പരിഗണിക്കാൻ പാടുള്ളൂ എന്നാണ് 2018ലെ യു.ജി.സി റെഗുലേഷൻ. എന്നാൽ, നസീബ് കാലടിയിൽ ജോലി ചെയ്തത് അസി. പ്രഫസറുടെ ശമ്പളത്തിന്റെ പകുതി വേതനത്തിലാണെന്ന് പരാതിയിൽ പറയുന്നു. യു.ജി.സി ചട്ടപ്രകാരം അസോ. പ്രൊഫസറായുള്ള നിയമന അപേക്ഷ വി.സി പരിഗണിക്കുന്നതിന് മുമ്പ് യൂനിവേഴ്സിറ്റിയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി) ഡയറക്ടർ അംഗീകരിക്കണം.
നിലവിലെ ഡയറക്ടർ നസീബിന്റെ അപേക്ഷയിൽ ഒപ്പ് വെക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്, അദ്ദേഹം വിരമിച്ച ശേഷം ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയ പ്രഫസറാണ് ശിപാർശ ചെയ്തത്. ശിപാർശ വി.സിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.