തിരുവനന്തപുരം: മുതലപ്പൊഴി അപകടങ്ങൾ സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷൻ മുമ്പാകെ സർക്കാർ വകുപ്പുകളും ഏജൻസികളും സമർപ്പിച്ചത് വൈരുധ്യം നിറഞ്ഞ റിപ്പോർട്ടുകളെന്ന് ചെയർമാൻ എ.എ റഷീദ്. ഫിഷറീസ്, തീരദേശ പൊലീസ്, ജില്ല ഭരണകൂടം എന്നിവ സമർപ്പിച്ച റിപ്പോർട്ടുകളിലാണ് വ്യത്യസ്ത കണക്കുകളുള്ളത്. മരണസംഖ്യയിൽ പോലും വ്യത്യാസമുണ്ടെന്നും ചെയർമാൻ പറഞ്ഞു.
സർക്കാറിന് നൽകിയ ഉറപ്പുകളിൽ ഏതെല്ലാം പാലിച്ചുവെന്ന് ഈ മാസം 27ന് റിപ്പോർട്ട് സമർപ്പിക്കാൻ അദാനി പോർട്ടിന് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടുകളെല്ലാം പരിഗണിച്ച് മുതലപ്പൊഴിയിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കമീഷൻ സർക്കാറിന് രൂപരേഖ സമർപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു.
മെഡിക്കൽ വിദ്യാർഥിയായിരുന്ന ഡോ. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് കമീഷൻ നടത്തിയ സിറ്റിങുകളുടെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന നിർദേശവും കമീഷൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ചെയർമാൻ റഷീദ് പറഞ്ഞു.
ന്യൂനപക്ഷ കമിഷൻ തിരുവനന്തപുരം ജില്ല സെമിനാർ ബുധനാഴ്ച വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. ആർ അനിൽ മുഖ്യപ്രഭാഷണം നടത്തും. കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരുലക്ഷം യുവതി യുവാക്കൾക്ക് ഈ വർഷം ഡിസംബറിനുള്ളിൽ തന്നെ തൊഴിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കമിഷൻ നടപ്പാക്കി വരികയാണെന്നും ചെയർമാൻ പറഞ്ഞു.
ഇതുസംബന്ധിച്ച് പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സെമിനാറിൽ ഉണ്ടാകും. സംസ്ഥാനത്ത് അധിവസിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവരശേഖരണം നടത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ജനവിഭാഗങ്ങളെ സംബന്ധിച്ച് പഠനം നടത്തി സർവെയിലൂടെ റിപ്പോർട്ട് സമർപ്പിക്കാൻ കേരള മീഡിയ അക്കാദമിയുമായി കമിഷൻ ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെന്നും ജൂൺ 30നകം ഇത് സമർപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി, സംഘാടകസമിതി ചെയർമാൻ ഫാദർ ജെ. ജയരാജ്, മെമ്പർ സെക്രട്ടറി എച്ച്. നിസാർ, ജനറൽ കൺവീനർ എം.എ റഹീം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.