തിരുവനന്തപുരം: മുതലപ്പൊഴി പ്രശ്നം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽപെട്ട് മൽസ്യതൊഴിലാളികൾ ദിനംപ്രതി മരിക്കുമ്പോൾ അവരെ സർക്കാർ അവരെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. എല്ലാം പരിഹരിക്കുമെന്ന് ഉറപ്പുകൾ ആവർത്തിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്നര വർഷത്തിനകം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി സജി ചെറിയാൻ മറുപടി നൽകി. ഡ്രഡ്ജിങ് യന്ത്രം തീരത്ത് അടുപ്പിക്കാൻ കഴിയുന്നില്ല. എങ്കിലും ബദൽ സംവിധാനം ഉപയോഗിച്ച് മണ്ണുനീക്കം നടത്തുന്നുണ്ട്.
സാധ്യമായതൊക്കെ ചെയ്യുന്നുണ്ട്. കടലിനെ ശാന്തമാക്കാനുള്ള മോശയുടെ മാന്ത്രികവടി സംസ്ഥാനത്തിന്റെ പക്കലില്ലെന്നും മന്ത്രി തുടർന്നു. മൽസ്യത്തൊഴിലാളികളുടെ മനുഷ്യാവകാശം മാനിക്കാൻ സർക്കാറിന് കഴിയണമെന്ന് പ്രമേയത്തിന് നോട്ടീസ് നൽകിയ എ. വിൻസെന്റ് പറഞ്ഞു.
കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകക്കെടുക്കുന്ന സർക്കാറിന് മണ്ണുനീക്കാൻ ഡ്രഡ്ജിങ് യന്ത്രം കൊണ്ടുവരാൻ കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗങ്ങൾ നടത്തി തീരുമാനമെടുത്തത് കൊണ്ടുകാര്യമില്ലെന്നും അത് നടപ്പാക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചുണ്ടിക്കാട്ടി.
79 മൽസ്യതൊഴിലാളികളുടെ മരണത്തിന് ശേഷവും മുതലപ്പൊഴിയിൽ അപകട ഭീഷണിക്ക് പരിഹാരം കാണാനാകാത്തത് സർക്കാറിന്റെ പരാജയമാണെന്ന് മോൻസ്, ജോസഫ്, അനുപ് ജേക്കബ്, കെ.കെ രമ എന്നിവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.