തിരുവനന്തപുരം: നഗരവസന്തത്തിന്റെ ഭാഗമായി കനകക്കുന്ന് പരിസരത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി ഒരുക്കിയ ഇൻസ്റ്റലേഷനുകൾ ശ്രദ്ധേയമാകുന്നു. നൂറോളം ഇന്സ്റ്റലേഷനുകളാണുള്ളത്. ഇതില്‍ ‘വസന്തകന്യക’ കാണികൾക്ക് പ്രിയങ്കരമാകുന്നു.
നഗരവസന്തത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റലേഷനായ വസന്തകന്യക സൂര്യകാന്തിയിലാണുള്ളത്. ക്രിയേറ്റിവ് ആര്‍ട്ടിസ്റ്റായ ഹൈലേഷാണ് വസന്തകന്യകയുടെ സ്രഷ്ടാവ്. മുടിയിഴകളില്‍ പൂക്കള്‍ വിടര്ന്നുനില്ക്കുന്ന കന്യകയുടെ മുഖവും കൈയും കൈയില്‍നിന്ന് ഒഴുകിയിറങ്ങുന്ന ജലധാരയും കുളവുമൊക്കെ അടങ്ങുന്ന ഇന്സ്റ്റലേഷന് 20 അടിയോളം ഉയരമുണ്ട്.
15ഓളം കലാകാരന്മാരാണ് വസന്തകന്യകയെ ഒരുക്കിയത്. ഇരുമ്പ് ചട്ടക്കൂടില്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസിലാണ് നിര്‍മാണം. 15 കലാകാരന്മാര്ക്കു പുറമേ വെല്‍ഡിങ്ങിനും ലാന്‍ഡ് സ്കേപിങ്ങിനുമൊക്കെയായി 30ഓളം തൊഴിലാളികളും നിര്‍മാണത്തില്‍ പങ്കാളികളായി. 15 ദിവസത്തോളമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കൃത്രിമ തടാകവും തടാകത്തിന്റെ കരയിലെ കളിവഞ്ചിയുമെല്ലം ദൃശ്യഭംഗിപകരുന്നു. കന്യകയുടെ കൈയില്‍നിന്ന് തടാകത്തിലേക്ക് ഒഴുകിയിറങ്ങുന്ന ജലധാര നിശ്ചലദൃശ്യത്തിന് ലൈവ് പ്രതീതി നല്കുന്നു. പകല്‍സമയങ്ങളില്‍ത്തന്നെ വസന്തകന്യകയെ കാണാനും ഫോട്ടോയെടുക്കാനും ജനത്തിരക്കാണ്. രാത്രി ദീപാലങ്കാരങ്ങള്‍ തെളിയുന്നതോടെ വസന്തകന്യക കൂടുതല്‍ സുന്ദരിയാകുന്നു.
തിരുവനന്തപുരം: നഗരവസന്തം പുഷ്പമേളയുടെ ഭാഗമായി കഫേ കുടുംബശ്രീ ഒരുക്കിയിട്ടുള്ള ദേശീയ ഭക്ഷ്യമേള ഭക്ഷണ വൈവിധ്യത്തിന്റെ ആഘോഷമാകുന്നു. കേരളത്തിലെ വിഭവങ്ങള്‍ക്കു പുറമേ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്ഷണവും മേളയില്‍ ലഭ്യമാണ്. ഇതിൽ സിക്കിം മോമോസും ആസാമി ചായയും ആസ്വദിക്കാം.
ആന്ധ്രപ്രദേശിന്റെ തനത് ഹൈദരാബാദി ബിരിയാണി മുതല്‍ മലയാളികള്‍ക്ക് പരിചിതമല്ലാത്ത സിക്കിം, അസം തുടങ്ങിയ സംസ്ഥാനങ്ങളുടെ രുചികളും സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. കുടംപുളിയിട്ട മീന്‍കറി, കപ്പ ബിരിയാണി, പുഴുക്ക്, പിടിയും കോഴിയും തുടങ്ങി കേരളത്തിന്റെ തനതു രുചികൾ മേളയിലുണ്ട്. ഈ വിഭവങ്ങള്‍ വിവിധ ജില്ലകളില്‍ വ്യത്യസ്തമായ രീതിയില്‍ തയാറാക്കുമ്പോഴുള്ള രുചി വൈവിധ്യം ആസ്വദിക്കാൻ കഴിയുന്നുവെന്നതാണ് മേളയുടെ വലിയ പ്രത്യേകത.
പ്ലെയിന്‍ ദോശയും, മസാല ദോശയും, ചിക്കന്‍ ദോശയും, മുട്ടദോശയും, ചിക്കന്‍പുട്ടും, കാരറ്റ് പുട്ടും, ചെമ്മീന്‍പുട്ടും മുത്താറിപുട്ടും എല്ലാം മേളയിലെ താരങ്ങളാണ്. 30ൽ അധികം വ്യത്യസ്ത തരം ജ്യൂസുകള്‍ ലഭിക്കുന്ന ജ്യൂസ് സ്റ്റാളാണു മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം. രുചി വൈവിധ്യങ്ങളോടൊപ്പം സംഗീതംകൂടിയാസ്വദിക്കാവുന്ന നൈറ്റ് ലൈഫ് അനുഭവമാണ് നഗരവസന്തത്തിന്റെ ഭാഗമായി സൂര്യകാന്തിയില്‍ ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.