തിരുവനന്തപുരം: മാജിക് അക്കാദമിയുടെ നേതൃത്വത്തിലെ സമ്മോഹന് ദേശീയ ഭിന്നശേഷി കലോത്സവം ഫെബ്രുവരി 25, 26 തീയതികളില്‍ ഡിഫറന്റ് ആര്‍ട് സെന്ററിൽ നടക്കും. ഇതിന് നാന്ദി കുറിച്ച് 11ന് നിശാഗന്ധിയില്‍ ഭിന്നശേഷി കുട്ടികളുടെ കലാസന്ധ്യ നടക്കും.
ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളാണ് രണ്ട് മണിക്കൂര്‍ നീളുന്ന വിസ്മയ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്ദ്രജാലവും സംഗീതവും നൃത്തവും സ്കിറ്റുമൊക്കെ ചേര്‍ന്ന കലാപരിപാടിയാണ് അവതരിപ്പിക്കുക.
ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിക്കും. പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര ജേതാവ് ആദിത്യ സുരേഷ് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് സമ്മോഹന് എന്ന പേരില്‍ കലാമേള സംഘടിപ്പിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 1000ലേറെ ഭിന്നശേഷിക്കുട്ടികളും അവരുടെ രക്ഷിതാക്കളും മേളയില്‍ അണിചേരും. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വിഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളാണ് കലാമേളക്കായി ഉപയോഗിക്കുന്നത്.
മേളയില്‍ കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ ഒമ്പത് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നുള്ള കുട്ടികളും പങ്കെടുക്കും. മാജിക്, നൃത്തം, സംഗീതം, ഉപകരണ സംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികള്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുക. ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.