തിരുവനന്തപുരം: ദേശീയ അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിൽ വിദ്യാർഥികൾ അധ്യാപകരായി. സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും കുട്ടികൾക്ക് കൈമാറിയാണ് സ്കൂൾ പുതുമ കണ്ടെത്തിയത്. ഗേറ്റിൽ കുട്ടികളെ സ്വീകരിക്കുന്നത് മുതൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
സ്കൂൾ ലീഡർ എയ്ഞ്ചലും ഡെപ്യൂട്ടി ലീഡർ ദീക്ഷിത് മഹേശ്വരുമായിരുന്നു പ്രധാനാധ്യാപകർ. ഒന്നാം ക്ലാസ് മുതൽ നാല് വരെയുള്ള 24 ക്ലാസിന്റെയും ചുമതലയും ഒന്നര മണമിക്കൂർ അധ്യാപനവും കുട്ടി അധ്യാപകർക്കായിരുന്നു. നാലാം ക്ലാസിലെ വിവിധ ഡിവിഷനുകളിൽ നിന്നുള്ളവരായിരുന്നു ഈ അധ്യാപകർ. രാവിലെ പത്ത് മുതൽ 11.30 വരെയായിരുന്നു കുട്ടി അധ്യാപകരുടെ സമയം.
ഒന്നര മണിക്കൂർ പഠിപ്പിക്കാനുള്ള മൊഡ്യൂൾ അധ്യപകർ മുൻകൂട്ടി തയാറാക്കി നൽകിയിരുന്നു. മൊഡ്യൂളനുസരിച്ച് പഠിപ്പിക്കാനുള്ള പരിശീലനം ഓണാവധിക്ക് മുമ്പ് തന്നെ നൽകിയിരുന്നു. പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടി അധ്യാപകർ പഠിപ്പിക്കുന്ന രീതിയും മറ്റും തിങ്കളാഴ്ച പുനഃപരിശോനക്ക് വിധേയമാക്കി. തിങ്കളാഴ്ചതന്നെ അവരവരുടെ ക്ലാസുകളിലേക്ക് അയച്ചായിരുന്നു മുന്നൊരുക്കം. ചൊവ്വാഴ്ച ഈ കുട്ടി അധ്യാപകർ അവരവരുടെ ക്ലാസുകളിൽ പോയി മൊഡ്യൂളനുസരിച്ച് പഠിപ്പിച്ചു. ക്ലാസിലെ കുട്ടികൾക്ക് ആവശ്യമായ ഗൃഹപാഠവും നൽകിയാണ് ഇവർ തങ്ങളുടെ ക്ലാസ് അവസാനിപ്പിച്ചത്. പഠന സമയത്ത് നൽകിയ നോട്ടുബുക്കുകൾ ചുവന്ന് മഷി ഉപയോഗിച്ച് തിരുത്തിക്കൊടുത്തും അവർ അധ്യാപകരായി.
11.30ക്ക് ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടി അധ്യാപകർ തങ്ങളുടെ ക്ലാസിനെ കുറിച്ച് ഇംഗ്ലീഷിലുള്ള അവലോകനം നടത്തി. തുടർന്ന് ഓരോരുത്തരും തങ്ങളുടെ അധ്യാപന അനുഭവത്തെ കുറിച്ച് തയാറാക്കിയ കുറിപ്പുകൾ കൈയെഴുത്ത് പുസ്തകമായി ബൈൻഡ് ചെയ്തു. ഈ പുസ്തകം 24 കുട്ടി അധ്യാപകർക്കും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.