തിരുവനന്തപുരം: ആവേശത്തിരയിൽ നവകേരള സദസ്സിന്റെ മൂന്നാംദിനം ഗംഭീരം. നേട്ടങ്ങൾ വിവരിച്ചും അഭിപ്രായങ്ങൾ കേട്ടും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞും മന്ത്രിമാരും മുഖ്യമന്ത്രിയും വേദികളെ സജീവമാക്കുകയാണ്. സദസ്സിന് ശനിയാഴ്ച സമാപനമാകും.
വെള്ളിയാഴ്ചയിലെ നാല് മണ്ഡലങ്ങളിലും നിറഞ്ഞ സദസ്സാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിരേറ്റത്. കാട്ടാക്കട തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തിലാണ് പൗര പ്രമുഖരുമായുള്ള മുഖ്യമന്ത്രിയുടെ പ്രഭാതയോഗം നടന്നത്. വിഴിഞ്ഞം തുറമുഖം, നെയ്യാറ്റിൻകര താലൂക്കിനെ സാറ്റ്ലൈറ്റ് നഗരമാക്കൽ, നെയ്യാർ ഡാമിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കൽ, നെയ്യാർ അഞ്ചുചങ്ങല പ്രദേശത്തെ പട്ടയ പ്രശ്നം തുടങ്ങി നിരവധി വിഷയങ്ങൾ യോഗത്തിലുയർത്തു. ഇവക്കെല്ലാം മുഖ്യമന്ത്രി മറുപടിയും നൽകി.
രാവിലെ പത്തരയോടെ വാർത്ത സമ്മേളനവും നടത്തിയശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനത്തിനായിറങ്ങിയത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന നവകേരള ബസ് പുറപ്പെടുംമുമ്പ് തന്നെ ഒരോ സ്വീകരണ കേന്ദ്രത്തിലും മുൻകൂട്ടി നിശ്ചയിച്ചപ്രകാരം മൂന്ന് മന്ത്രിമാർ നേരത്തെയെത്തി സദസ്സിനെ അഭിസംബോധന ചെയ്യുംവിധമാണ് ക്രമീകരണം. അരുവിക്കര മണ്ഡലത്തിലെ ആദ്യ സദസ്സ് ആര്യനാട് നസ്റേത്ത് സ്കൂൾ മൈതാനത്താണ്. 11ഓടെ യോഗം തുടങ്ങിയെങ്കിലും മുഖ്യമന്ത്രി എത്തിയപ്പോൾ 12.30 കഴിഞ്ഞു. പന്തലിലും പുറത്തുമായി വൻ ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്. വലിയ ആരവത്തോടെയാണ് സദസ്സ് മുഖ്യമന്ത്രിയെയും സംഘത്തെയും എതിരേറ്റത്. പുസ്തകങ്ങൾ നൽകി അതിഥികളെ വേദിയിലേക്കാനയിച്ചു. വിവിധ ആദിവാസി ഊരുകളിലെ മൂപ്പൻമാർ തങ്ങളുടെ പാരമ്പര്യ അടയാളങ്ങളായ തലപ്പാവും അമ്പും വില്ലും മുളന്തേനുമെല്ലാം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സമ്മാനിച്ചു.
ആധ്യക്ഷന്റെ ഏതാനും വാക്കുകൾക്ക് ശേഷം മുഖ്യമന്ത്രിയുടെ സംസാരം. ‘ഭേദങ്ങളൊന്നുമില്ലാതെ ജനം ഒഴുകിയെത്തുന്ന നവകേരള സദസ്സ് നവോത്ഥവന മൂല്യങ്ങളുയർത്തിപ്പിടിച്ചാണ് സംഘടിപ്പിക്കുന്നതെന്ന’ ആമുഖത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയത്. അരുവിക്കരയുടെ വികസനരേഖ മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വിദ്യാർഥിയായ അനന്ദു വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം വേദിയിൽ കൈമാറി. മന്ത്രിമാരായ ഡോ.ആർ. ബിന്ദു, വി.എൻ. വാസവൻ, പി. പ്രസാദ് എന്നിവരാണ് ആര്യനാട്ട് സംസാരിച്ചത്. ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു.
കാട്ടാക്കട ക്രിസ്ത്യൻ കോളജിലായിരുന്നു കാട്ടാക്കട മണ്ഡലത്തിലെ നവകേരള സദസ്സ്. വൈകീട്ട് മൂന്നിനാണ് സദസ്സ് ആരംഭിച്ചതെങ്കിലും ഉച്ചക്ക് ഒന്നരയോടെ തന്നെ ഇവിടേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. നാലോടെ പന്തലും പരിസരവും നിറഞ്ഞുകവിഞ്ഞു. നാലരയോടെയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വേദിയിലേക്കെത്തിയത്. ഇതോടെ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് അതിഥികളെ എതിരേറ്റത്. പലഭാഗത്തായി ചിതറി നിന്നവർ ഇതോടെ വേദിയെ പൊതിഞ്ഞു. ഓരോ മന്ത്രിമാരെയും പേരെടുത്ത് ക്ഷണിച്ചപ്പോഴും നിറഞ്ഞ കൈയടി. ഐ.ബി. സതീഷ് എം.എൽ.എയുടെ ചെറിയ ആമുഖത്തിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗപീഠത്തിലേക്ക്.
നെയ്യാറ്റിൻകര മണ്ഡലത്തിലെ സദസ്സ് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിലും പാറശ്ശാലയിലേത് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.