നെടുമങ്ങാട്: പിതാവിനും മകനും ഭാര്യ സഹോദരനും ബന്ധുവും ഉൾപ്പെടെ നാലുപേരുടെ മരണവാർത്ത കേട്ട് ഞെട്ടലോടെയാണ് കഴിഞ്ഞ ദിവസം പുലർച്ച രണ്ടു ഗ്രാമങ്ങൾ ഉണർന്നത്. ആനാടിനും പരുതിക്കുഴിക്കും ബുധനാഴ്ച ദുഃഖത്തിന്‍റെ ദിനമായിരുന്നു.
ആനാട് നെട്ടറക്കോണത്ത് അനീഷ് ഭവനിൽ സുധീഷ് ലാൽ (37) ഭാര്യക്ക് വിദേശത്ത് ജോലി ലഭിച്ചതിലൂടെ ആകുലതകളും ബാധ്യതകളും അവസാനിക്കുമെന്ന വിശ്വാസത്തിലായിരുന്നു. പെയിന്‍റിങ് തൊഴിലാളിയായിരുന്നു. പവർ ടൂൾ വാടകക്ക് നൽകുന്ന 'പുണർതം'എന്ന പേരിൽ കട ആനാട് നടത്തിയാണ് കുടുംബം പുലർത്തിയത്. ഇതിനിടെ ഭാര്യ ഷൈനിക്ക് ഒരു ബന്ധു മുഖേന സൗദി അറേബ്യയിലെ ആശുപത്രിയിൽ ജോലി ഉറപ്പായി.
ഷൈനിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് യാത്രയാക്കാനാണ് ഇവരുടെ ഏക മകൻ അമ്പാടി എന്ന നിരഞ്ജനോടൊപ്പം (12) ഷൈനിയുടെ സഹോദരനായ ഉഴമലയ്ക്കൽ പരുത്തിക്കുഴി ഷൈനി ഭവനിൽ ഷൈജു (34), ബന്ധുവായ പരുത്തിക്കുഴി നന്ദനത്തിൽ അഭിരാഗ് (27) എന്നിവരോടൊപ്പം യാത്ര തിരിച്ചത്. പുലർച്ച ദേശീയപാതയിൽ അമ്പലപ്പുഴക്ക് സമീപം പായൽക്കുളങ്ങരയിൽ ഇവർ സഞ്ചരിച്ച കാറും എതിരെവന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചു.
ഒരു കൊച്ചു കുടുംബത്തിന്‍റെ വലിയ പ്രതീക്ഷകളെല്ലാം നിമിഷങ്ങൾക്കൊണ്ട് അവിടെ അവസാനിച്ചു. നാലുപേർ തൽക്ഷണം മരിച്ചു. ഷൈനി ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആനാട് നെട്ടറക്കോണത്തെ കുടുംബവീട്ടിലാണ് സുധീഷ് ലാൽ ഭാര്യക്കും മകനുമൊപ്പം താമസിച്ചുവന്നത്.
പരേതരായ ശിവകുമാർ, രമ ദമ്പതികളുടെ മകനാണ്. ഏക സഹോദരൻ അനൂപ് ഒമ്പതു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ജയകുമാർ, സതികുമാരി ദമ്പതികളുടെ മകനാണ് അഭിരാഗ്. സഹോദരൻ: അനുരാഗ്. വരുന്ന ഞായറാഴ്ച അഭിരാഗിന്റെ വിവാഹ നിശ്ചയമാണ്. പരേതനായ ശശിയുടെയും സരസ്വതിയുടെയും മകനാണ് അവിവാഹിതനായ ഷൈജു. സഹോദരി: ഷൈനി. നിരഞ്ജൻ നെടുമങ്ങാട് ദർശന ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജന്മനാട്ടിലെത്തിച്ച നാല് പേരുടെയും മൃതദേഹം പരുത്തിക്കുഴി സ്കൂളിൽ പൊതുദർശനത്തിന് െവച്ചു. രാത്രി 10 ഓടെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്‌ജലി അർപ്പിക്കാനുമായി വൻ ജനാവലി രാത്രി വൈകിയും സ്കൂളിൽ കാത്തുനിന്നു.
മൃതദേഹങ്ങൾ എത്തിയതോടെ കൂട്ടക്കരച്ചിലുയർന്നു. സമൂഹത്തിലെ നാനാതുറകളിൽപെട്ടവർ ആദരാഞ്ജലികളർപ്പിച്ചു. പൊതുദർശനത്തിന് ശേഷം സുധീഷ് ലാലിന്റെയും മകൻ നിരഞ്ജന്റെയും മൃതദേഹങ്ങൾ ആനാട് നെട്ടറകോണത്തെ വീട്ടിലേക്കും ഷൈജുവിന്റെയും അനുരാഗിന്റെയും മൃതദേഹങ്ങൾ പരുത്തിക്കുഴിയിലെ വീട്ടിലേക്കും കൊണ്ടുപോയി. രാത്രി ഏറെ വൈകി നാലുപേരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.