നെടുമങ്ങാട്: തലസ്ഥാന ജില്ലയിലടക്കം കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കിടയിൽ ആശങ്ക വർധിക്കുന്നു. ജില്ലയിലെ വിവിധ ഡിപ്പോകളിലായി നിരവധി പേർക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. കോവിഡ് ജാഗ്രതാ നിർദേശമുണ്ടെങ്കിലും നിലവിൽ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കേറിയ ബസുകളിലെ ടിക്കറ്റ് നൽകൽ ആശങ്ക വർധിപ്പിക്കുന്നെന്ന് കണ്ടക്ടർമാർ പറയുന്നു. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ബസുകളിൽ നടപ്പായിട്ടില്ല. യാത്രക്കാരിൽ പലരും മാസ്ക് ധരിക്കുന്നതടക്കമുള്ള മുൻകരുതൽ സ്വീകരിക്കാത്തതും ജീവനക്കാരുടെ ആശങ്ക കൂട്ടുന്നു.
ഓരോ ദിവസവും ജോലി കഴിഞ്ഞ് ഭീതിയോടെയാണ് ജീവനക്കാർ വീടുകളിലേക്ക് മടങ്ങുന്നത്. വീടുകളിൽ പ്രായമായ മാതാപിതാക്കളുള്ള ജീവനക്കാർ തങ്ങളിൽനിന്ന് രോഗം വീടുകളിലെത്തുമോ എന്ന വിഷമസന്ധിയിലാണ്. രോഗവ്യാപനം ഭയന്ന് മക്കളെ ലാളിക്കാൻപോലും മടിക്കുന്ന ജീവനക്കാരുണ്ട്. അകലം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, മാസ്ക് ശരിയായ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യവകുപ്പ് ആവർത്തിച്ച് നൽകുന്നുണ്ടെങ്കിലും ബസുകളിൽ ഇതൊന്നും ബാധകമല്ല. മാസ്ക് ശരിയായി ധരിക്കുന്നതുമായി ബന്ധപ്പെട്ട് മിക്കദിവസങ്ങളിലും യാത്രക്കാരും കണ്ടക്ടറും തമ്മിൽ തർക്കമുണ്ടാകുന്നു. മാസ്ക് ശരിക്കും ധരിക്കാൻ ആവശ്യപ്പെടുന്ന കണ്ടക്ടർമാരോടും ഡ്രൈവർമാരോടും യാത്രക്കാരിൽ പലരും തട്ടിക്കയറുന്നതും പതിവാണ്. ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ ബസുകളിൽ പൊലീസിന്റെ മിന്നൽ പരിശോധന അത്യാവശ്യമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാർക്ക് മാസ്ക് ആവശ്യാനുസരണം വിതരണം ചെയ്യണമെന്ന ആവശ്യം കെ.എസ്.ആർ.ടി.സി അവഗണിക്കുകയാണ്. മിക്ക സ്ഥാപനങ്ങളും അവരുടെ ജീവനക്കാർക്ക് ആവശ്യമായ മാസ്ക് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നുണ്ട്. മാസത്തിലൊരിക്കൽ 50 എം.എൽ സാനിറ്റൈസർ മാത്രമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.