നെടുമങ്ങാട്: ജനത്തിരക്കേറിയ നെടുമങ്ങാട് നഗരത്തിലെ റോഡുകളിൽ അനധികൃത പാർക്കിങ് വ്യാപകം. നോ പാർക്കിങ് ബോർഡുകളെ നോക്കുകുത്തിയാക്കിയാണിത്. നൂറുകണക്കിന് വിദ്യാർഥിനികൾ ഗേൾസ് നടന്നുപോകുന്ന കച്ചേരി നട-ഗേൾസ് ഹൈസ്കൂൾ വരെയുള്ള റോഡിന്റെ ഇരുവശത്തും ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കുട്ടികൾക്ക് ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്. നെടുമങ്ങാട് സ്റ്റേറ്റ് ബാങ്കിന് മുന്നിൽ ട്രാഫിക് നിയന്ത്രണത്തിനുള്ള ബാരിക്കേഡിന് സമീപം നോ പാർക്കിങ് ബോർഡിന് അടിയിലായി റോഡിന്റെ ഒരുവശം കൈയേറി കാറുകൾ മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നു.
മറുവശത്ത് പാർക്ക് ചെയ്യാൻ സൗകര്യമുള്ളപ്പോഴാണിത്. നഗരസഭയുടെ പാർക്കിങ് യാർഡ് സമീപമുള്ളപ്പോൾ ഇരുവശത്തെയും അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വൺവേ ആയ കുപ്പക്കോണം റോഡിലെയും സ്ഥിതി വിഭിന്നമല്ല. നെടുമങ്ങാട് പാളയം റോഡിലും ഫുട്പാത്ത് കൈയേറിവരെയുള്ള പാർക്കിങ് പൊലീസ് കണ്ട മട്ടില്ല.
ടൗണിൽ വരുന്നവർ ഈസ്റ്റ് ബംഗ്ലാവ് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നത് അപകടങ്ങൾ വർധിപ്പിക്കുകയും കാൽനടപോലും അസാധ്യമാക്കുകയുമാണ്. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിന് മുന്നിലായി നിരവധി ഓട്ടോകൾ ഗതാഗതം തടസ്സപ്പെടുത്തി പാർക്ക് ചെയ്തിരിക്കുന്നതുമൂലം മറ്റ് വാഹനങ്ങൾക്ക് മെയിൻ റോഡിലേക്ക് കടക്കാനാവുന്നില്ല. നെടുമങ്ങാട് ജില്ല ആശുപത്രി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ പി.എസ്.സി ട്യൂഷൻ സെന്ററിൽ എത്തുന്നവർ ഇരുചക്രവാഹനങ്ങൾ റോഡിന്റെ ഒരു വശത്ത് രാവിലെ മുതൽ വൈകീട്ട് വരെ പാർക്ക് ചെയ്യുന്നത് ജില്ല ആശുപത്രിയിൽ എത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വരുന്ന ആംബുലൻസുകൾവരെ ഗതാഗതക്കുരുക്കിൽ പെടുന്നു. അടിയന്തരമായി നെടുമങ്ങാട് ടൗണിലെ ട്രാഫിക് സംവിധാനം പുനഃസ്ഥാപിച്ച് ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.