നെടുമങ്ങാട്: പരമ്പരാഗത ഈറ്റ നെയ്ത്തുകാർ ജീവിതം നെയ്തെടുക്കാനുള്ള പെടാപ്പാടിൽ. ഈറ്റയും മുളയും ചൂരലും കിട്ടാനില്ലാത്തതിനാൽ പ്രതിസന്ധിയിലാണ് പാരമ്പര്യ തൊഴിലാളികൾ. കോവിഡ് വ്യാപനം കൂടിയായതോടെ ഉൽപന്നങ്ങൾ ചന്തയിലെത്തിച്ച് വിൽക്കാനും കഴിയാതായി. മുറം, കുട്ട, വട്ടി, പനമ്പ് എന്നിവ വിറ്റുകിട്ടുന്ന പണംകൊണ്ടു വേണം ഇവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ. ഏറെ സമയമെടുത്ത് നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് കാര്യമായ വിലയും ലഭിക്കാറില്ല. അതിജീവനത്തിനായി പലരും തൊപ്പി, പൂക്കൂട, ഈറ്റ കർട്ടൻ, കുരുവിക്കൂട്, വേസ്റ്റ് ബക്കറ്റ് തുടങ്ങിയവ നെയ്ത് വിറ്റ് പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ്.
ബാംബു കോർപറേഷനാണ് തൊഴിലാളികൾക്ക് ഈറ്റ നൽകുന്നത്. കോർപറേഷന്റെ കാർഡുള്ളവർക്കാണ് ഈറ്റ ലഭിക്കുന്നത്. മുമ്പ് ആഴ്ചയിൽ അഞ്ച് കെട്ട് ഈറ്റവരെ ലഭിക്കുമായിരുന്നു. ഇപ്പോൾ മാസം മൂന്ന് കെട്ട് ഈറ്റയാണ് തൊഴിലാളികൾക്ക് കോർപറേഷൻ ഡിപ്പോകളിലൂടെ വിതരണം ചെയ്യുന്നത്. ലോക്ഡൗൺ കാലത്ത് ബാംബു കോർപറേഷന്റെ പല ഡിപ്പോകളിലും ഈറ്റ കെട്ടിക്കിടന്ന് ഉണങ്ങി നശിച്ചു.
കോർപറേഷന് ഒരു കെട്ട് ഈറ്റ വെട്ടിയെടുക്കുന്നതിന് 250 രൂപ ചെലവാകുമെങ്കിലും തൊഴിലാളിക്ക് 54 രൂപക്കാണ് നൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന ഈറ്റയിലുണ്ടാക്കുന്ന ഉൽപന്നങ്ങൾ നിശ്ചിത വിലയ്ക്ക് കോർപറേഷനുതന്നെ നൽകണമെന്നാണ് വ്യവസ്ഥ. 2021 ൽ 200ൽ കൂടുതൽ പ്രവൃത്തി ദിവസങ്ങളിലെ തൊഴിലിനുള്ള ഈറ്റ കോർപറേഷൻ തൊഴിലാളികൾക്ക് നൽകിയെന്നാണ് സർക്കാർ വാദം.
1971 ൽ സ്ഥാപിതമായ ബാംബു കോർപറേഷനും പിടിച്ചുനിൽക്കാനാകാതെ വലയുകയാണ്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിപണി പിടിച്ചതോടെ ഇവരുടെ ഉൽപന്നങ്ങൾക്ക് തിരിച്ചടി നേരിട്ടു. ഓരോ വർഷവും വ്യവസായവകുപ്പ് അനുവദിക്കുന്ന വായ്പയെ ആശ്രയിച്ചാണ് കോർപറേഷന്റെ പ്രവർത്തനം. ആറായിരം നെയ്ത്ത്തൊഴിലാളികളും ഇരുന്നൂറിലേറെ ഈറ്റവെട്ട് തൊഴിലാളികളുമാണ് കോർപറേഷന് കീഴിൽ ജോലി ചെയ്യുന്നത്.
പ്രതിസന്ധിയിലായതോടെ ഇവരുടെ ആനുകൂല്യങ്ങളും മുടങ്ങി. 18 കോടി രൂപ ആസ്തിയുള്ള കോർപറേഷന് ഇപ്പോൾ നൂറ് കോടിയോടടുപ്പിച്ച് ബാധ്യതയുണ്ട്. ഈറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി 1999 ലാണ് കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമ ബോർഡ് പ്രവർത്തനം ആരംഭിച്ചത്. 77021 തൊഴിലാളികൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരമ്പരാഗതമായി അഭ്യസിച്ച തൊഴിലായ നെയ്തിനെ മാത്രം ജീവിതമാർഗമാക്കിയ പഴയ തലമുറക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.