നേമം: മദ്യപിച്ച് അബോധാവസ്ഥയിൽ റോഡിന് സമീപം കിടന്നയാളുടെ ശരീരത്തിൽകൂടി കാർ കയറിയിറങ്ങി. കാറിനടിയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചത് ഏറെ പണിപ്പെട്ട്. തിങ്കളാഴ്ച പുലർച്ച അഞ്ചോടെ തിരുവനന്തപുരം വെള്ളായണി ഊക്കോട് റോഡിലായിരുന്നു അപകടം. വെള്ളായണി മുകളൂർമൂല മണലിയിൽ വീട്ടിൽ സിജിയാണ് (44) അപകടത്തിൽപെട്ടത്. ഇയാൾ മദ്യലഹരിയിൽ റോഡിന് സമീപം കിടന്നുറങ്ങുകയായിരുന്നു. വളവിൽ സിജി കിടക്കുന്നത് കാണാതെ വെള്ളായണി സ്വദേശിനിയായ ശോഭ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇയാളുടെ കാലിലൂടെ കയറിയിറങ്ങി. കാറിനടിയിൽ എന്തോ കുടുങ്ങിയെന്ന് മനസ്സിലാക്കി വാഹനത്തിൽനിന്ന് ഇറങ്ങി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ സിജിയെ കണ്ടത്. ഇതോടെ സമീപവാസികളെ ശോഭ വിവരമറിയിച്ചു. കാറിനടിയിൽ ഒരു കാൽ ആക്സിലിനും വീലിനും ഇടയിൽപെട്ട നിലയിലായിരുന്നു. നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
5.30ഓടെ എത്തിയ ചെങ്കൽചൂള ഫയർഫോഴ്സ് സംഘം ന്യുമാറ്റിക് സംവിധാനം ഉപയോഗിച്ച് കാർ ഉയർത്തിയെങ്കിലും കാൽ പുറത്തെടുക്കുക ദുഷ്കരമായി. ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അപകടത്തിൽപെട്ടയാൾക്ക് കൂടുതൽ പരിക്കുണ്ടാക്കുമെന്നതിനാൽ കാറിന്റെ വീൽ അഴിച്ചുമാറ്റിയാണ് ആക്സിലിനുള്ളിൽ കുടുങ്ങിയ കാൽ പുറത്തെടുത്തത്. കാറിന്റെ അടിയിൽനിന്ന് പുറത്തെടുക്കുമ്പോഴും സിജി അബോധാവസ്ഥയിലായിരുന്നു. ചികിത്സയിലുള്ള സിജി അപകടനനില തരണംചെയ്തു.
ചെങ്കൽചൂള ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസർ അനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അരുൺകുമാർ, പ്രദോഷ്, വിഷ്ണു നാരായണൻ, അരുൺ, സാനിത്, അനീഷ്, അനു, രതീഷ്കുമാർ, ഷൈജു, ഹോംഗാർഡ് രാജശേഖരൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.