നേമം: കരുമം കണ്ണന്‍കോട് കോളനിയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കുനേരേ ഒരു സംഘം നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് കാമറ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു.
കഴിഞ്ഞദിവസം അർധരാത്രിയാണ് ബംഗാള്‍ സ്വദേശികളായ അരവിന്ദ് കിന്റോ, നിർമല്‍ റോയി, പത്രി, സുബസ്സ് എന്നിവര്‍ക്കുനേരേ നാലംഗസംഘം മാരകായുധങ്ങളും വെട്ടുകത്തിയും മണ്‍വെട്ടിയുമായി ആക്രമണം നടത്തിയത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നാണ് തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞത്. തെളിവായി ഒരു അന്തര്‍സംസ്ഥാന തൊഴിലാളി കാമറയില്‍ പകര്‍ത്തിയ ആക്രമണദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്.
ഇതില്‍ ഒരാള്‍ മണ്‍വെട്ടി ഉപയോഗിച്ച് ഡോറിന്റെ ഗ്ലാസ് തല്ലിത്തകര്ത്തുന്ന ദൃശ്യങ്ങളുണ്ട്. നാലുപേര്‍ക്കും കൈകള്‍ക്കും തലയ്ക്കും പരിക്കുണ്ട്. ഇവര്‍ നേമം ശാന്തിവിള താലൂക്കാശുപത്രിയില്‍ ചികിത്സക്കുശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തങ്ങള്‍ക്ക് പ്രദേശത്ത് ജീവിക്കാന്‍ ഭയമാണെന്നും സുരക്ഷിതത്ത്വമൊരുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
കരുമം ഭാഗത്ത് നിരവധി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിച്ചുവരുന്നുണ്ട്. ആക്രമണം നടത്തിയതില്‍ ഒരാള്‍ കരുമം സ്വദേശി കിരണ്‍ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ കണ്ടുപിടിക്കുന്നതിന് കൂടുതല്‍ കാമറാ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്.
തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.