നേമം: തമലം ഭാഗത്ത് പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം, ഒരാൾക്ക് പൊള്ളലേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് 7.30നാണ് തമലത്തെ ചന്ദ്രിക പ്രൊവിഷൻ സ്റ്റോഴ്സിന് തീപിടിച്ചത്. ദീപാവലി സീസൺ എത്തുമ്പോൾ പ്രൊവിഷൻ സ്റ്റോറിന് പകരം പടക്കക്കട ഒരുക്കുകയാണ് ഇവിടത്തെ രീതി. പടക്കം വാങ്ങാൻ എത്തിയ ആരെങ്കിലും തീപ്പെട്ടി കൊള്ളിയോ സിഗരറ്റ് കുറ്റിയോ അലക്ഷ്യമായി എറിഞ്ഞതാകാം തീപിടിത്തത്തിന് കാരണമെന്നാണ് കടയുടമ രാധാകൃഷ്ണൻ പറയുന്നത്. ഉഗ്രസ്ഫോടനത്തിൽ പടക്കത്തിന് തീപിടിച്ചതോടെ കടയുടെ ഭൂരിഭാഗവും കത്തി നശിച്ചു. ടെറസ് കൊണ്ടുള്ള മേൽക്കൂരക്കും കേടുപാട് സംഭവിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി. വൈകീട്ട് പടക്കംവാങ്ങാൻ കടയിൽ ആൾക്കാർ എത്തിയപ്പോഴാണ് സംഭവമെങ്കിലും ഒരാളുടെ കൈക്ക് പരിക്കേൽക്കുക മാത്രമാണ് ഉണ്ടായ അത്യാഹിതം. ഇയാളെ പ്രാഥമിക ചികിത്സക്കുവേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം അഗ്നിരക്ഷാസേന ഓഫിസിൽനിന്ന് സ്റ്റേഷൻ ഓഫിസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റെത്തി ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണമായി നിയന്ത്രണവിധേയമാക്കിയത്. പടക്ക ക്കട നടത്തുന്നതിനുള്ള ലൈസൻസും മറ്റും ഉടമക്ക് ഉണ്ടായിരുന്നു എന്നാണ് സൂചന. തീപിടിത്തത്തെ തുടർന്ന് കട പൂർണമായി അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.